ലിമ : ഗൂഗിള്‍ മാപ്പില്‍ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തിരഞ്ഞ യുവാവിന് കിട്ടിയത് ഒട്ടും നിനച്ചിരിക്കാത്ത ചിത്രങ്ങള്‍. ഒരു ദിവസം ഭാര്യയ്‌ക്കൊപ്പം ചിലവഴിക്കാനായിരുന്നു യുവാവ് മികച്ച് ടൂറിസ്റ്റ് സ്ഥലങ്ങള്‍ തിരഞ്ഞത്. എന്നാല്‍ കിട്ടിയ ചിത്രങ്ങള്‍ യുവാവിന്റെ ദാമ്പത്യ ജീവിതം തന്നെ തകര്‍ത്തു. പെറുവിലാണ് സംഭവം. ഗൂഗിള്‍ മാപ്പില്‍ പെറുവിന്റെ തലസ്ഥാനത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും അവിടേക്കുള്ള എളുപ്പ വഴികളും തിരഞ്ഞ ഭര്‍ത്താവിന്റെ കണ്ണുകള്‍ അവിചാരിതമായി ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഫോട്ടോസില്‍ ഉടക്കുകയായിരുന്നു.
വെള്ള ടോപ്പും കറുത്ത ജീന്‍സും ഹൈഹീല്‍ഡ് ചെരിപ്പും അണിഞ്ഞ യുവതിയുടെ മടിയില്‍ തലചായ്ച്ച് യുവാവ് കിടക്കുന്ന ദൃശ്യമാണ് യുവാവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പലപ്പോഴും തന്റെ ഭാര്യ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ക്ക് സാമ്യമുള്ളത് തന്നെ ദൃശ്യത്തില്‍ കണ്ടതോടെ ദൃശ്യം സൂം ചെയ്ത് നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം യുവാവ് തിരിച്ചറിഞ്ഞത്. ആ യുവതി സ്വന്തം ഭാര്യ തന്നെ.
തന്റെ ഭാര്യയുടെ മടിയിലാണ് വേറൊരാള്‍ തലചായ്ച്ച് കിടക്കുന്നതെന്ന് യുവാവ് മനസ്സിലാക്കി. ഗൂഗിള്‍ ക്യാമറ കാര്‍ ഉപയോഗിച്ചുള്ള ചിത്രങ്ങളാണ് ഗൂഗിള്‍ മാപ്പില്‍ നിന്ന് യുവാവിനു മുന്നില്‍ തെളിഞ്ഞത്. തുടര്‍ന്ന് ഇക്കാര്യം ഭാര്യയെ അറിയിച്ചപ്പോള്‍ നിഷേധിച്ചു. എന്നാല്‍ തെളിവുകള്‍ നിരത്തിയതോടെ ഭാര്യ മറ്റൊരു ബന്ധമുണ്ടെന്ന് അംഗീകരിക്കുകയായിരുന്നു. ഇതോടെ ബന്ധം വിവാഹ മോചനത്തിലുമെത്തി. ഭര്‍ത്താവു തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്.