ജിഷ്ണു പ്രണോയി കേസില്‍ സര്‍ക്കാര്‍ പരസ്യം നല്‍കിയതിന് എതിരെ കോടതി; പൊതുജനങ്ങളുടെ പണം ഇത്തരത്തില്‍ ഉപയോഗിക്കുന്നത് സംശയാസ്പദം

കണ്ണൂര്‍: ദുരൂഹസാഹചര്യത്തില്‍ മരിണപ്പെട്ട ജിഷ്ണു പ്രണോയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ നടത്തിയ സമരത്തില്‍ പൊലീസിന് അനുകൂലമായി സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിനെതിരെ കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. പരസ്യം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ല. കേന്ദ്രസര്‍ക്കാരിന്റെയും സുപ്രിം കോടതിയുടേയും മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പരസ്യം നല്‍കിയത്. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് ഇത്തരം പരസ്യം നല്‍കിയത് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

മലപ്പുറം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇത്തരം പരസ്യം നല്‍കിയതെന്ന പരാതിക്കാരന്റെ വാദം നിലനില്‍ക്കുമെന്നും കോടതി. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ സംഭവം വിശദീകരിക്കാന്‍ ഒരു വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്താല്‍ മതിയായിരുന്നു. ഇത്രയധികം പണച്ചെലവ് ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷ്ണു കേസ്, പ്രചാരണമെന്ത് സത്യമെന്ത് എന്ന തലക്കെട്ടിലാണ് പത്രങ്ങളില്‍ പിആര്‍ഡി പരസ്യം നല്‍കിയത്. കേസില്‍ പൊലീസ് നടപടികള്‍ വിശദീകരിക്കുന്ന പരസ്യം സര്‍ക്കാരിനെ ന്യായീകരിക്കുന്നു. ജിഷ്ണു കേസിന്റെ സത്യങ്ങളാകെ തമസ്‌കരിക്കുന്ന പ്രചാരണമാണ് സംസ്ഥാനത്ത് നടക്കുന്നത് എന്ന് പരസ്യത്തില്‍ ആരോപിക്കുന്നു.

ജിഷ്ണുവിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വിട്ടു വീഴ്ച്ചയില്ലാത്ത നടപടികള്‍ എടുത്ത് മുന്നോട്ട് പോകുകയാണ്. എന്നാല്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നും പരസ്യത്തില്‍ പറയുന്നു. ജിഷ്ണുവിന്റെ അമ്മയെ പൊലീസ് നിലത്ത് വലിച്ചിഴച്ചിട്ടു എന്ന തെറ്റിദ്ധാരണാജനകമായ വ്യാപക പ്രചാരണമാണ് ഒരു സംഘം അഴിച്ച് വിടുന്നത്. ഇങ്ങനെയൊന്നും നടന്നിട്ടില്ല, ഒരു മാധ്യവും ഇങ്ങനെയുള്ള ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിട്ടില്ല. മഹിജയെ എഴുന്നല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളില്‍ വന്നത്. റേഞ്ച് ഐജി നടത്തിയ അന്വേഷണത്തിലും പൊലീസ് അതിക്രമത്തിന് തെലിവുകളൊന്നും ലഭിച്ചിട്ടില്ല എന്നും പരസ്യത്തില്‍ പറയുന്നു.

മകന്‍ നഷ്ടപ്പെട്ടതുമൂലം കണ്ണീരിലായ ഒരു കുടുംബത്തിന്റെ വേദന മുതലെടുത്ത് സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് ചിലര്‍ നടത്തുന്നത്. ഡിജിപി ഓഫീസിനു മു്‌നനിലുണ്ടായ സംഭവങ്ങളും അതിനെതുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടായ അക്രമസമരങ്ങള്‍ സര്‍ക്കാരിനെതിരായ ഗൂഢനീക്കത്തിന്റെ പ്രതിഫലനമാണ്. ജിഷ്ണു കേസ് നിഷ്പക്ഷമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുമെന്നും പരസ്യത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
പത്രപരസ്യം നല്‍കിയതിനെ മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രി കെ കെ ഷൈലജയും അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

Top