തിരുവനന്തപുരം: കടുത്ത പ്രഹരം ചോദിച്ചുവാങ്ങാന്‍ എന്തിനാണ് സര്‍ക്കാര്‍ സുപ്രീം കോടയില്‍ വീണ്ടുമെത്തിയത്. തലവന്‍, മേധാവി എന്നീ വാക്കുകളുടെ അര്‍ത്ഥം മനസിലാകത്ത് കൊണ്ടാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ….?
ഒടുവില്‍ സുപ്രീംകോടതി അര്‍ത്ഥം പറഞ്ഞു കൊടുത്തു. തലവനും മേധാവിയും ഒന്നു തന്നെ. ഇതോടെ സര്‍ക്കാര്‍ ടി.പി. സെന്‍കുമാറിനുമുന്നില്‍ കീഴടങ്ങി. സെന്‍കുമാറിനെ പൊലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന മുന്‍ ഉത്തരവില്‍ വ്യക്തതതേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച തള്ളിയതിന് പിന്നാലെ, അദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു.
സെന്‍കുമാറിനെ നിയമിക്കേണ്ടതു സ്റ്റേറ്റ് പൊലീസ് ചീഫ് (സംസ്ഥാന പൊലീസ് മേധാവി) ആയിട്ടാണോ, ഹെഡ് ഓഫ് പൊലീസ് ഫോഴ്‌സ് (പൊലീസ് സേനയുടെ തലവന്‍) ആയിട്ടാണോ? കാരണം കഴിഞ്ഞ സര്‍ക്കാര്‍ സെന്‍കുമാറിനെ നിയമിച്ചതു തലവനായിട്ടാണ്. അപ്പോള്‍ എങ്ങനെ മേധാവി ആക്കും?ഇതായിരുന്നു സര്‍ക്കാരിന്റെ സംശയം. ഇത് മാറ്റാനായിരുന്നു വ്യക്തതാ ഹര്‍ജി നല്‍കിയത്.
സെന്‍കുമാര്‍ വിരമിക്കുന്നതു വരെ കേസ് നീട്ടാമെന്ന ബുദ്ധിയാണ് ഇതെന്ന് സുപ്രീംകോടതി തിരിച്ചറിഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയായി തന്നെ സെന്‍കുമാറിനെ നിയമിക്കണമെന്നു സുപ്രീം കോടതി വിധിയുടെ അവസാന വരിയില്‍ പറഞ്ഞതിനെ വളച്ചൊടിച്ചുള്ള സംശയം കോടതിയേയും പ്രകോപിപ്പിച്ചു. തലവന്‍ എന്നാല്‍ പ്രധാനി, പ്രമാണി എന്നൊക്കെയാണു ശബ്ദതാരാവലയില്‍. മേധാവിയെന്നാല്‍ നായകന്‍, മേലധികാരി, സമര്‍ഥന്‍, ബുദ്ധിയോടുകൂടിയവന്‍ എന്നൊക്കെയും. അപ്പോള്‍ ഇതെല്ലാം ചേര്‍ന്നതാകും പുതിയ പൊലീസ് മേധാവി. അങ്ങനെ സെന്‍കുമാര്‍ ആഗ്രഹിച്ചിടത്ത് പിണറായി സര്‍ക്കാരെത്തി.
വ്യക്തതാഹര്‍ജി തള്ളിയ സുപ്രീംകോടതി സര്‍ക്കാരിന് 25,000 രൂപ പിഴയും വിധിച്ചിരുന്നു. ഇത്തരമൊരു ഹര്‍ജി നല്‍കിയതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്നറിയാമെന്ന് കോടതി ഒരുഘട്ടത്തില്‍ പറഞ്ഞു. ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഒരാഴ്ചയ്ക്കകം പിഴയടയ്ക്കാനും വിധിച്ചു. അതിനിടെ, കോടതിയുത്തരവ് നടപ്പാക്കാത്തതിനെതിരേ സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് നോട്ടീസയച്ചു. ഹര്‍ജി മെയ് ഒമ്പതിന് പരിഗണിക്കും. ചൊവ്വാഴ്ച കടുത്ത പരമാര്‍ശവും ചീഫ് സെക്രട്ടറിയെ വെട്ടിലാക്കുന്ന നടപടികളും ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇത് മനസ്സിലാക്കിയാണ് സെന്‍കുമാറിന് പിണറായി വിജയന്‍ വഴങ്ങിയത്.
വിധി പ്രഖ്യാപിച്ച് അഞ്ചുദിവസം പിന്നിട്ടു. വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ചീഫ് സെക്രട്ടറിക്ക് കൈമാറി. എന്നിട്ടും പുനര്‍നിയമന ഉത്തരവിറക്കാത്ത നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യനടപടിയെടുക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ കര്‍ണാടക ചീഫ് സെക്രട്ടറിക്ക് ഒരുമാസം തടവ് നല്‍കിയിട്ടുള്ള കാര്യവും ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. നഷ്ടപ്പെട്ട കാലാവധി നീട്ടിനല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ ഹര്‍ജിയാണ് ചൊവ്വാഴ്ച പരിഗണിക്കുന്നത്.
സുപ്രീംകോടതി പ്രകോപിതരായതോടെ ആ കേസിലും സര്‍ക്കാര്‍ പ്രതികൂല വിധി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് 11 മാസത്തെ നിയമപോരാട്ടം മറന്ന് സെന്‍കുമാറിനെ പൊലീസ് മേധാവിയായി സര്‍ക്കാര്‍ നിയമിക്കുന്നത്. നളിനി നെറ്റോയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ കൂടിയാണ് ഇത്.