
കൊച്ചി: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടത്തിയ മൂന്നാര്‍ ദൗത്യത്തിന് വീണ്ടും ഉയര്‍ത്തെഴുന്നേല്‍പ്പ്. മൂന്നാറില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശയോടെയാണ് ദൗത്യം വീണ്ടും തുടങ്ങുന്നത്. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കു ഭൂമി ഉപയോഗിച്ചെങ്കില്‍ പട്ടയം റദ്ദാക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മൂന്നാറില്‍ നിയമം ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാനും സമിതി നിര്‍ദേശം നല്‍കി. വീണ്ടും മൂന്നാര്‍ ദൗത്യം തന്നെ വേണ്ടിവരുമെന്ന സൂചനയാണ് നിയമസഭാസമിതി നല്‍കുന്നത്.
മൂന്നാറിന്റെ പാരിസ്ഥിതിക പ്രത്യേകതകള്‍ കണക്കിലെടുക്കാതെ പണിതീര്‍ത്ത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃത കെട്ടിടങ്ങളുടെ നിര്‍മാണം തടയുന്നതില്‍ റവന്യൂ അധികൃതര്‍ക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നും ചൂണ്ടിക്കാണിക്കുന്നു. വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കിയ പട്ടയഭൂമി കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ. അങ്ങനെയല്ലാതെ ഉപയോഗിക്കുന്ന ഭൂമി ഉടന്‍ തിരിച്ചുപിടിക്കണം. മലിനീകരണം തടയാനും മൂന്നാറിലേക്ക് പോകുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാനും കര്‍ശനമായ വ്യവസ്ഥകള്‍ വേണമെന്നും നിയമസഭാ പരിസ്ഥിതി സമിതി ആവശ്യപ്പെടുന്നു.
കൂടാതെ മൂന്നാര്‍ മേഖലയില്‍ പുതുതായി യൂക്കാലിപ്‌സ് മരങ്ങള്‍ വച്ചുപിടിപ്പിക്കരുതെന്ന സുപ്രധാന നിര്‍ദേശവുമുണ്ട്. വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാകണം. മൂന്നാറിനു പ്രത്യേകമായി പരിസ്ഥിതി പരിപാലന വികസന അതോറിറ്റി ആറുമാസത്തിനുള്ളില്‍ രൂപീകരിക്കണമെന്നും നിയമസഭാ പരിസ്ഥിതി സമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.