ഈ വാര്‍ത്ത കേള്‍ക്കുന്പോള്‍ ചിരി വന്നേക്കാം. എന്നാല്‍ ബിഹാറിലെ ഈസ്റ്റ് ചമ്പരന്‍ ജില്ലയിലെ സർക്കാർ ഓഫീസിലെ ജീവനക്കാർ ബൈക്ക് ഓടിക്കുമ്പോള്‍ മാത്രമല്ല, ജോലി സമയത്തും ഹെല്‍മറ്റ് ധരിക്കണം. ഓഫീസിനുള്ളില്‍ എന്തിനാണ് ഹെല്‍മറ്റ് ധരിക്കുന്നത്? അതിനു കാരണം സംസ്ഥാന സര്‍ക്കാർ തന്നെയാണ്. സർക്കാരിന്റ ഗുരുതര വീഴ്ചയാണ് ജോലിസമയത്തും ഹെൽമെറ്റ് ധരിക്കേണ്ട ഗതികേട് ഉദ്യോഗസ്ഥർക്ക് ഉണ്ടാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ ഓഫീസ് കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥയാണ് കെട്ടിടത്തിനുള്ളിലും ഹെല്‍മറ്റ് ധരിക്കാന്‍ ഇവരെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. ഏതു നിമിഷം വേണമെങ്കിലും കെട്ടിടത്തിന്‍റെ മേല്‍ക്കൂര ഇടിഞ്ഞുപൊളിഞ്ഞു വീഴാമെന്ന് ജീവനക്കാര്‍ പറയുന്നു. അതിനാലാണ് ജോലിക്കിടെ അങ്ങനെ ഒരു അപകടമുണ്ടായാല്‍ തലയെങ്കിലും സുരക്ഷിതമാകട്ടെ എന്നു കരുതി ഇവര്‍ ഹെല്‍മറ്റ് ധരിക്കുന്നത്.
ജീവനക്കാര്‍ മാത്രമല്ല ഓഫീസിൽ ഹെൽമെറ്റ് ധരിക്കുന്നത്. ഇവിടെയെത്തുന്ന സന്ദര്‍ശകരും കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഹെല്‍മറ്റ് ധരിക്കുന്ന കാഴ്ചയും സാധാരണമാണ്.
കഴിഞ്ഞ വര്‍ഷം ബിഹാര്‍ സര്‍ക്കാരിന്‍റെ കെട്ടിട നിര്‍മാണ വകുപ്പ് ഈ ഓഫീസ് സമുച്ചയം അപകടാവസ്ഥയിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കാനോ ജീവനക്കാരെ താല്‍ക്കാലിക സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനോ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ഇതിനോടകം തന്നെ മേല്‍ക്കൂരയുടെ വിവിധ ഭാഗങ്ങള്‍ അടര്‍ന്നുവീഴുകയും നിരവധി ജീവനക്കാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.