പൊളിറ്റിക്കൽ ഡെസ്ക്
കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്തിനെപ്പറ്റി പരാതിപ്പെട്ടട്ടും നടപടിയെടുക്കാത്ത സംസ്ഥാന ഗവർണർ പി.സദാശിവത്തെ നീക്കാൻ ആർഎസ്എസ് നേതൃത്വം ഇടപെടുന്നു. പകരം ആർഎസ്എസിന്റെ വിശ്വസ്തനെ രംഗത്ത് എത്തിക്കാനാണ് നീക്കം. കണ്ണൂരിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 14 രാഷ്ട്രീയ കൊലപാതകങ്ങൾ മാത്രമുണ്ടായിട്ടും വിശേഷാധികാരം ഉപയോഗിച്ചു ഗവർണർ റിപ്പോർട്ട് അയച്ചില്ലെന്നാണ് ആർഎസ്എസ് – ബിജെപി നേതൃത്വത്തിന്റെ പരാതി. ഇതേ തുടർന്നാണ് ഗവർണറെ നീക്കാനുള്ള നടപടികൾ ആർഎസ്എസ് ബിജെപി നേതൃത്വം ആരംഭിച്ചിരിക്കുന്നത്.
ഗവർണ്ണർ പി. സദാശിവത്തെ മാറ്റി പകരം സംഘപരിവാറിന്റെ വിശ്വസ്തനെ കൊണ്ടുവരാനാണ് നീക്കം നക്കുന്നത്. ഇക്കാര്യം ആർഎസ്എസ് കേന്ദ്രനേതൃത്വം വഴി ബിജെപി നേതൃത്വത്തെയും കേന്ദ്രസർക്കാറിനെയും അറിയിക്കും.
കണ്ണൂരിൽ ആർഎസ്എസ് കാര്യവാഹ് കൊല ചെയ്യപ്പെട്ട സംഭവത്തിൽ ഗവർണ്ണർ സദാശിവത്തിന് ബിജെപി എംഎൽഎ ഒ.രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം നൽകിയ പരാതി അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറിയതാണ് ആർഎസ്എസ് നേതൃത്വത്തെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്.
സംഭവത്തിൽ പ്രതികരിച്ച ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശ് ബിജെപിയുടെ പരാതി മുഖ്യമന്ത്രിക്ക് നൽകാനുള്ള ഇടനിലക്കാരനായി ഗവർണ്ണർ പ്രവർത്തിക്കേണ്ടതില്ലെന്ന് തുറന്നടിച്ചിരുന്നു.
ആർഎസ്എസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നായിരുന്നു സംഘത്തിന്റെ വിശ്വസ്തനായ എം ടി രമേശ് പരസ്യമായി രംഗത്ത് വന്നതെന്നാണ് സൂചന.
മറ്റെല്ലാവരെയും പോലെ ജീവിക്കാനും സംഘടനാ പ്രവർത്തനം നടത്താനും കണ്ണൂരിലെ ആർ എസ് എസ്- ബിജെപി പ്രവർത്തകർക്ക് അവകാശമുണ്ടെന്നും ആരുടെയും ഔദാര്യമല്ല ചോദിക്കുന്നതെന്നുമാണ് എം ടി രമേശ് പറഞ്ഞിരുന്നത്.
ഗവർണ്ണർ അദ്ദേഹത്തിൽ നിഷിപ്തമായ അധികാരം ഉപയോഗിക്കണമെന്നതാണ് ആർഎസ്എസ്- ബിജെപി നേതാക്കളുടെ ആവശ്യം.
സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരെ അടിയന്തര ഘട്ടങ്ങളിൽ വിളിച്ചുവരുത്താനും സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെടാനും ഇക്കാര്യം കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാനും അധികാരമുള്ള ഗവർണ്ണർ ആ നടപടി സ്വീകരിക്കാത്തതിലാണ് രോക്ഷം.
കണ്ണൂരിലെ വർദ്ധിച്ചു വരുന്ന ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അവിടെ ക്രമസമാധാന ചുമതല പട്ടാളത്തെ ഏൽപ്പിക്കാൻ അഫ്സപ നടപ്പാക്കണമെന്നും സംഘപരിവാർ നേതൃത്വം ആവശ്യപ്പെടുന്നു.
ഇതിനാവശ്യമായ തരത്തിലുള്ള ഇടപെടലുകളാണ് ഗവർണ്ണറുടെ ഭാഗത്ത് നിന്നും സംഘം ആഗ്രഹിച്ചിരുന്നത്.
ഗവർണ്ണർ ഇടപെട്ടാൽ ഫെഡറൽ സംവിധാനത്തിനു മേലുള്ള കടന്നുകയറ്റമായി അത് ചിത്രീകരിക്കാൻ സംസ്ഥാന സർക്കാറിനും സിപിഎമ്മിനും കഴിയില്ലെന്നാണ് അടുത്തയിടെ നടന്ന കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടി നേതൃത്വം വ്യക്തമാക്കുന്നത്.
പിണറായി സർക്കാർ സിപിഎം പ്രവർത്തകരുടെ ആക്രമണങ്ങൾക്കെതിരെ ഇനിയും കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ക്രമസമാധാന പ്രശ്നം സംസ്ഥാനത്തുണ്ടാകുമെന്നും അത്തരം ഘട്ടത്തിൽ സംസ്ഥാന സർക്കാറിനെ പിരിച്ച് വിടുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കേന്ദ്ര സർക്കാറിനു പോവേണ്ടിവന്നാൽ ഗവർണ്ണറായി സംഘത്തിന്റെ ശക്തനായ പ്രതിനിധി തന്നെ വേണമെന്ന കാഴ്ചപ്പാടും ആർ എസ് എസ് നേതൃത്വത്തിനുണ്ട്.
സദാശിവത്തെ കേന്ദ്ര സർക്കാർ ഗവർണറാക്കിയത് അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കൂടി അഭ്യർത്ഥന മാനിച്ചായിരുന്നു.
രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരുന്ന മോദി സർക്കാറിന് എ ഐ എ ഡി എം കെ പിന്തുണ നൽകിയ പശ്ചാത്തലത്തിൽ തമിഴ്നാട് ഗവർണ്ണറായിരുന്ന മുൻ കോൺഗ്രസ്സ് നേതാവ് റോസയ്യയെ ജയലളിതയുടെ അഭ്യർത്ഥന മാനിച്ച് മാറ്റാനും കേന്ദ്രം അന്ന് തയ്യാറായിരുന്നില്ല. ഇത് കോൺഗ്രസ്സ് നേതാക്കളെ പോലും അത്ഭുതപ്പെടുത്തുകയുണ്ടായി.
സദാശിവം മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു എന്ന പരിഗണനയും അദ്ദേഹത്തെ ഗവർണ്ണറാക്കുന്നതിന് സഹായകരമായി.
സദാശിവത്തെ മറ്റ് ഏത് സംസ്ഥാനത്തേക്ക് മാറ്റിയിട്ടാണെങ്കിൽ പോലും കേരളത്തിൽ തമിഴ്നാട്ടിലെ പോലെ ശക്തനായ സംഘം പ്രവർത്തകനെ ഗവർണ്ണറായി നിയമിക്കണമെന്നതാണ് ആവശ്യം.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണക്കുന്ന വ്യക്തി തിരഞ്ഞെടുക്കപ്പെടുന്നതോടെ സംസ്ഥാന സർക്കാറിനെതിരെ കൂടുതൽ കടുത്ത നിലപാടിലേക്ക് കേന്ദ്ര സർക്കാർ മാറുമെന്ന സൂചനയും ആർ എസ് എസ് കേന്ദ്രങ്ങൾ നൽകുന്നുണ്ട്.
രാജ്യത്ത് ആർ എസ് എസിന് ഏറ്റവും അധികം ശാഖകൾ മാത്രമല്ല കൂടുതൽ ബലിദാനികളും കേരളത്തിൽ നിന്നു തന്നെയാണ് എന്നതിനാൽ ബിജെപിക്ക് ഭരണമുള്ള സംസ്ഥാനങ്ങളേക്കാൾ ആർ എസ് എസിന് പ്രിയപ്പെട്ട സംസ്ഥാനമാണ് കേരളം.
പ്രതികൂല സാഹചര്യത്തിലും പ്രസ്ഥാനത്തിനു വേണ്ടി സ്വയം സമർപ്പിച്ച കേരളത്തിലെ സ്വയം സേവകരുടെ ചരിത്രമാണ് ആർഎസ്എസ് ക്യാംപുകളിൽ പ്രവർത്തകർക്ക് ആവേശം പകരാൻ നേതൃത്വം ചൂണ്ടിക്കാണിക്കാറുള്ളത്.
ബിജെപിക്ക് അധികാരം പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇടതുഭരണം മാറിയാൽ സംഘപരിവാർ പ്രവർത്തകർ ആക്രമിക്കപ്പെടുന്ന സാഹചര്യം ഒഴിവാകുമെന്നതിനാണ് ആർ എസ് എസ് നേതൃത്വം പ്രധാനമായും പ്രാമുഖ്യം കൊടുക്കന്നത്.