
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ വിവാദം. കേന്ദ്രത്തിനെതിരായ വിമര്‍ശനം ഗവര്‍ണര്‍ പി. സദാശിവം വായിച്ചില്ല. നിയമസഭയിലെ നയപ്രഖ്യാപനത്തില്‍ ഫെഡറലിസത്തെ കേന്ദ്രം അട്ടിമറിക്കുന്നു എന്ന ഭാഗമാണ് ഒഴിവാക്കിയത്.
എന്നാല്‍, നോട്ട് നിരോധനവും ജിഎസ്ടിയും കേന്ദ്ര സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടപ്പാക്കിയത് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയെന്ന് ഗവര്‍ണര്‍ പ്രസംഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞിരുന്നു. കേരളത്തിനെതിരെ ദേശീയതലത്തില്‍ കുപ്രചാരണം നടക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞിരുന്നു . അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് ഭീഷണിയില്ല. അത്തരം പ്രചരണങ്ങള്‍ അപലപനീയമാണ്.
ക്രമസമാധാന പാലനത്തില്‍ കേരളം മുന്‍പന്തിയിലാണ്. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം പ്രശംസനീയമാണ്. ദുരന്ത നിവാരണം കൂടുതല്‍ കാര്യക്ഷമമാക്കണം. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി മലിനീകരണവും മറികടക്കാന്‍ സാധിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്പീക്കറെയും നിയമസഭാ സാമാജികരെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.
ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനമാണ് കേരളം. മനുഷ്യവിഭവ വികസന ശേഷി, അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം, നല്ല പൊലീസ് സംവിധാനം എന്നിവയൊക്കെ കേരളത്തിന് അവകാശപ്പെടാവുന്നതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. നോട്ട് നിരോധനവും ജി.എസ്.ടിയും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഓഖി ദുരിതബാധിതര്‍ ചോദിക്കുന്നു മുഖ്യമന്ത്രിയെ കണ്ടവരുണ്ടോ എന്നുതുടങ്ങി ഭരണസ്തംഭനം, വിലക്കയറ്റം, കൊലപാതക രാഷ്ട്രീയം എന്നിവക്കെതിരെ വിവിധ ചോദ്യങ്ങളുന്നയിക്കുന്ന പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.
25,30,31 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ഫെബ്രുവരി രണ്ടിന് 2018 – 19 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസം ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയാണ്. ഏഴാം തിയതി ഇടവേളക്ക് പിരിയുന്ന സഭ 15 ദിവസത്തിന് ശേഷം വീണ്ടും ചേര്‍ന്ന ബജറ്റ് സമ്പൂര്‍ണമായി ചര്‍ച്ച ചെയ്ത് പാസാക്കും.
അതേസമയം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ശുഷ്കമായ നയപ്രഖ്യാപന പ്രസംഗമാണ് ഗവര്‍ണര്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രവര്‍ത്തിക്കാത്ത സര്ക്കാരായതുകൊണ്ടാകാം പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാത്തതെന്നും ചെന്നിത്തല പരിഹസിച്ചു.