​നയ പ്രഖ്യാപനം ഒരു മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ.മുഖ്യമന്ത്രിക്ക് കൈകൊടുത്തില്ല, ഉപചാരങ്ങളുമില്ല.ഗവർണർ നയപ്രഖ്യാപന പ്രസംഗം വായിക്കാതിരിക്കുന്നത് ഭരണഘടനാ ലംഘനമോ?

തിരുവനന്തപുരം:നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയപ്രഖ്യാപനം അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിച്ചത്. ഒരു മിനിറ്റിൽ നയ പ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചു. സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിനിടെ കേന്ദ്രത്തിനെതിരായ വിമർശനമടക്കം ഉൾക്കൊണ്ട നയപ്രഖ്യാപന പ്രസംഗം ഗവർണർ വായിക്കുമോ എന്നത് ആകാംഷയോടെയാണ് കേരളം കാത്തിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്നാണ് ഗവർണറെ നിയമസഭയിൽ സ്വീകരിച്ചത്. എന്നാൽ മുഖ്യമന്ത്രി ബൊക്കെ നൽകിയെങ്കിലും മുഖത്ത് പോലും ഗവർണർ നോക്കിയില്ല. സൗഹൃദ ഭാവമില്ലാതെ അകത്തേയ്ക്ക് പ്രവേശിച്ച ​ഗവർണർ നയപ്രഖ്യാപന പ്രസം​ഗത്തിലെ അവസാന പാര​ഗ്രാഫ് വായിച്ച് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് നിയമസഭാ മന്ദിരത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് യാത്രയാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, സർക്കാരുമായി ഉടക്ക് ആവർത്തിക്കുന്ന നിലപാട് സ്വീകരിച്ച ​ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. മാർച്ച് 27 വരെ നീളുന്ന ദീർഘമായ സമ്മേളനത്തിനാണ് തുടക്കമാകുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ വിശദീകരണം പോലും ചോദിക്കാതെ ഗവർണ്ണർ ഒപ്പിട്ടതോടെ ആദ്യ കടമ്പ കടന്നതിന്റെ ആശ്വാസത്തിലാണ് സർക്കാർ. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്.

ഗവർണർ നയപ്രഖ്യാപനം വായിക്കാതിരിക്കുന്നത് ഭരണഘടനാ നിയമത്തിന് വിരുദ്ധമല്ലെങ്കിലും നയപ്രഖ്യാപനത്തില്‍ നിന്ന് വ്യതിചലിക്കുന്നത് കീഴ്വഴക്കത്തിന്റെ ലംഘനമാണ്. ആരിഫ് മുഹമ്മദ് ഖാന്റെ ഇന്നത്തെ നടപടിയെ കീഴ്വഴക്കത്തിന്റെ ലംഘനമെന്നല്ലാതെ ഭരണഘടനാ വിരുദ്ധമെന്ന് വിളിക്കാനാകില്ല. 15ാം നിയമസഭയുടെ 10ാം സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം പൂർണ്ണമായി വായിച്ചിരുന്നില്ല. വെറും ഒരു മിനിറ്റും 17 സെക്കൻ്റും മാത്രമാണ് പ്രസംഗം നീണ്ടത്. നയപ്രഖ്യാപനത്തിന്റെ അവസാന ഭാഗം മാത്രം വായിച്ചായിരുന്നു ഗവർണറുടെ മടക്കം.

എന്നാൽ നയപ്രഖ്യാപനം പൂർണ്ണമായി വായിക്കാതിരിക്കുന്ന ആദ്യ ഗവർണറല്ല ആരിഫ് മുഹമ്മദ് ഖാൻ. മുമ്പും രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും ഗവർണർമാര്‍ നയപ്രഖ്യാപനങ്ങളില്‍ നിന്ന് വ്യതിചലിച്ചിട്ടുണ്ട്. ആറ് തവണയാണ് ഗവർണർമാർ ഇത്തരത്തിൽ നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാതെ ഒഴിഞ്ഞുനിന്നത്.

തമിഴ്നാട് സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ ആർ രവിയും സമാനമായി നയപ്രഖ്യാപന പ്രസംഗത്തിലെ യോജിപ്പില്ലാത്ത ഭാഗങ്ങൾ വായിക്കാതിരുന്നിരുന്നു. 2023 ജനുവരി ഒന്‍പതിന് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനിടെയായിരുന്നു സംഭവം. തമിഴ്നാട്ടിൽ ഇത് ഒരു അസാധാരണ സംഭവമായിരുന്നു.

ഒരു വര്‍ഷത്തിലെ ആദ്യ സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് നയപ്രഖ്യാപന പ്രസംഗം നടത്തുക. ഭരണഘടനയുടെ അനുച്ഛേദം 175, 176 അനുസരിച്ചാണ് ഇത് നടക്കുന്നത്. മന്ത്രിസഭ തയ്യാറാക്കുന്ന നയപ്രഖ്യാപനം വായിക്കുക മാത്രമാണ് ഗവര്‍ണ്ണറുടെ ചുമതല. നയപ്രഖ്യാപനത്തില്‍ നിന്ന് വ്യതിചലിക്കാതെ വായിക്കുകയാണ് കണ്ടുവന്നിരുന്ന കീഴ് വഴക്കം. ഗവര്‍ണ്ണര്‍ നയപ്രഖ്യാപനത്തില്‍ നിന്ന് വ്യതിചലിക്കുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമായാണ് കണക്കാക്കുന്നത്.

2020 ൽ ആരിഫ് മുഹമ്മദ് ഖാന്‍ മുമ്പും നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് വിയോജിപ്പുള്ള ഭാഗങ്ങൾ ഒഴിവാക്കി വായിച്ചിട്ടുണ്ട്. 2020 ലെ നയപ്രഖ്യാപന പ്രസംഗത്തിലെ, സിഎഎയിലുള്ള എതിര്‍പ്പ് പ്രകടമാക്കിയ ഭാഗം അദ്ദേഹം വായിച്ചിരുന്നില്ല. 2018 ൽ കേരള ഗവർണറായിരുന്ന പി സതാശിവം സഹകരണ ഫെഡറലിസം, ജിഎസ്ടി വിഷയങ്ങളിലെ എതിർപ്പ് വായിക്കാതിരുന്നിരുന്നു.

2017ല്‍ ത്രിപുര ഗവർണറായിരുന്ന തഥാഗത റോയ് കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനം വായിച്ചിരുന്നില്ല. 1983 – 84 ലെ നിയമസഭാ സമ്മേളത്തിൽ പശ്ചിമ ബംഗാൾ ഗവർണർ അനന്ദ് പ്രസാദ് ശര്‍മ്മ കല്‍ക്കത്ത വിസി നിയമനത്തിലെ ഭാഗം വായിച്ചില്ല. 1969 ലെ പശ്ചിമ ബംഗാള്‍ നിയമസഭാ സമ്മേളത്തിൽ 1967ല്‍ സര്‍ക്കാരിനെ പുറത്താക്കിയതിലുള്ള വിമര്‍ശനം ഗവർണർ ധര്‍മ്മ വിര വായിക്കാതെ വിട്ടിരുന്നു.

സംസ്ഥാന സർക്കാരുകളും ഗവർണറും തമ്മിലുള്ള വിയോജിപ്പുകൾ ഇത് ആദ്യമല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ ഉദാഹരണങ്ങൾ. കേരളത്തിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള വിയോജിപ്പ് പ്രകടമാണ്. ഇരുവരും പരസ്പരം മുഖം കൊടുക്കാതെയും മാധ്യമങ്ങളിലൂടെ കടന്നാക്രമിച്ചും രംഗത്തെത്തിയ നിരവധി സംഭവങ്ങൾ സമീപകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. സർക്കാരിനോട് പ്രത്യക്ഷ വിയോജിപ്പ് പ്രഖ്യാപിച്ചും വെല്ലുവിളിച്ചും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ താമസിച്ചതും എസ്എഫ്ഐ പ്രവർത്തകരോട് കൊമ്പുകോർത്തതും രാജ്യം മുഴുവൻ ചർച്ച ചെയ്ത വിഷയമാണ്. നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിടാതെ തുടരുന്നതും ഗവർണറും സർക്കാരും തമ്മിലുള്ള പോര് വ്യക്തമാക്കുന്നതാണ്.

Top