
തിരുവനന്തപുരം :സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ഗോവിന്ദച്ചാമിയുടെ സാമ്പത്തികസ്രോതസ് അന്വേഷിക്കാന്‍ ഉത്തരവ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് ഉത്തരവിട്ടിരിക്കുന്നത്.വിജിലന്‍സ് ഡയറക്‌ടറും സംസ്ഥാന പൊലീസ് മേധാവിയും ഒരു മാസത്തിനകം ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടു.
അന്വേഷണ റിപ്പോര്‍ട്ട് നവംബറില്‍ നടക്കുന്ന സിറ്റിംഗില്‍ കമ്മീഷന്‍ പരിഗണിക്കും. കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണു നടപടി. സ്ത്രീകളുടെ കംപാര്‍ട്ട്‌മെന്റില്‍ വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്താത്തതിനെത്തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മകളെ നഷ്ടപ്പെട്ട സൗമ്യയുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന ആവശ്യം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പരിഗണിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
ഗോവിന്ദച്ചാമിയെക്കുറിച്ച് പ്രചരിക്കുന്ന കഥകളല്ലാതെ അയാള്‍ ആരാണെന്ന് ആര്‍ക്കും അറിയില്ലെന്നു പരാതിയില്‍ സൂചിപ്പിച്ചിരുന്നു. പ്രതിക്കുവേണ്ടി ലക്ഷങ്ങള്‍ മുടക്കിയാണു കേസ് നടത്തുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഗോവിന്ദച്ചാമിയെ സഹായിക്കുന്നവര്‍ ആരെന്നു കണ്ടെത്തിയാല്‍ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും പരാതിക്കാരന്‍ സൂചിപ്പിച്ചിരുന്നു.