ആലപ്പുഴ: സ്വാമി ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി മുന്‍മന്ത്രി കെ.ആര്‍. ഗൗരിയമ്മ. ആലുവ പുഴയില്‍ സ്വാമി കുളിക്കാനിറങ്ങിയ സമയത്ത് മറ്റൊരാളും ഉണ്ടായിരുന്നതായി അന്ന് തന്റെ പ്രൈവറ്റ് സെക്രട്ടറി പറഞ്ഞതായാണ് ഗൗരിയമ്മ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത്.
കൃഷിവകുപ്പില്‍ പ്രൊഡക്ഷന്‍ കമ്മീഷണറായിരുന്ന മോഹന്‍ദാസ് തന്നോട് ഈ കാര്യം പറഞ്ഞതായാണ് ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍. സ്വാമി ആലുവ പുഴയില്‍ നീന്തുമ്പോള്‍ കൂടെ മറ്റൊരാളുമുണ്ടായിരുന്നു. പുഴയോരത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് താന്‍ ഈ കാഴ്ച കണ്ടത്. സ്വാമി താഴേക്ക് നീന്തുന്നതാണ് കണ്ടത്. പിന്നീടാണ് സ്വാമി മരണമടഞ്ഞ വിവരം അറിഞ്ഞതെന്നും പറഞ്ഞതായാണ് വെളിപ്പെടുത്തല്‍.
അന്ന് കൃഷി മന്ത്രിയായിരുന്ന ഗൗരിയമ്മ വടക്കന്‍ ജില്ലകളിലെ പരിപാടിക്കുശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ ചികിത്സയിലായിരുന്ന മോഹന്‍ദാസിനെ സന്ദര്‍ശിച്ചിരുന്നു. സ്വാമിയുടെ മരണം കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടപ്പോള്‍ നടത്തിയ സന്ദര്‍ശനത്തിലാണ് ഈ വെളിപ്പെടുത്തല്‍ പ്രൈവറ്റ് സെക്രട്ടറി നടത്തിയത്. താന്‍ മറ്റ് പലരുമായി ഈ വിവരം പങ്കുവച്ചെങ്കിലും മന്ത്രിയെന്ന നിലയില്‍ അന്വേഷണത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നതിനാല്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങിയില്ലെന്നും ഗൗരിയമ്മ പറഞ്ഞതായാണ് ചാനല്‍ വെളിപ്പെടുത്തിയത്.