നെറ്റ് ബാങ്കിംങ് വഴി രജിസ്‌ട്രേഷന് പണം നല്‍കുന്നതില്‍ ഗുരുതരമായ പാളിച്ച. പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് 7,24,070 രൂപ നഷ്ടമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാമപുരം, ഇടപ്പള്ളി, കോട്ടയം, എരുമപ്പെട്ടി, കല്‍പറ്റ, കക്കട്ടില്‍, മാള സബ്രജിസ്ട്രാര്‍ ഓഫീസുകളില്‍നിന്നുകൂടി പണച്ചോര്‍ച്ച കണ്ടെത്തി. ഇതേത്തുടര്‍ന്ന് നെറ്റ് ബാങ്കിങ് വഴി രജിസ്‌ട്രേഷന് പണംനല്‍കുന്ന സംവിധാനം നിര്‍ത്തിവെയ്ക്കണമെന്ന് രജിസ്‌ട്രേഷന്‍ ഐ.ജി. സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഫെബ്രുവരി 21 മുതലാണ് ഓണ്‍ലൈനായി ഫീസ് അടയ്ക്കാനുള്ള സംവിധാനം നിലവില്‍വന്നത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് ഇതിനുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്. സംസ്ഥാനത്തെ 316 സബ്രജിസ്ട്രാര്‍ ഓഫീസുകളിലായി 1.56 ലക്ഷം രജിസ്‌ട്രേഷന്‍ ഇതിനുശേഷം നടന്നു. ഓരോന്നിലും ഒന്നോ അതിലധികമോ പണമടയ്ക്കല്‍ നടന്നിട്ടുണ്ട്. ഫെബ്രുവരി 21 മുതല്‍ ഇതുവരെ രജിസ്‌ട്രേഷന്‍ ഫീസിനത്തിലൂടെയുള്ള വരുമാനം എത്രയാണെന്ന് ഇട്രഷറി സംവിധാനം വഴി എന്‍.ഐ.സി.യും ട്രഷറി വകുപ്പും പ്രത്യേകമായി എടുത്തു. ഈ രണ്ടു സംവിധാനത്തിലൂടെയുംവന്ന കണക്കുകളിലാണ് 5.88 കോടി രൂപയെങ്കിലും നഷ്ടപ്പെട്ടത് മനസ്സിലാക്കുന്നത്. ക്രമാനുഗതമായി പുതിയ സംവിധാനങ്ങളിലേയ്ക്ക് വളര്‍ന്ന് വരാന്‍ സമയം അനുവദിക്കാതെ വെറിതെ സാങ്കേതിക വിദ്യ അടിച്ചേല്‍പ്പിക്കുതിലുണ്ടാകുന്ന വീഴ്ച്ചയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.
എന്നാല്‍, കൂടുതല്‍ വിശദമായ പരിശോധനയിലേ കൃത്യമായി എത്ര പണം ഇതുവഴി സര്‍ക്കാര്‍ ഖജനാവില്‍ എത്താതെപോയെന്ന് അറിയാന്‍ കഴിയൂ. രജിസ്‌ട്രേഷന്‍ നടന്നുകഴിഞ്ഞതിനാല്‍ ഇടപാടുകാരെ കണ്ടെത്തി തുക ഈടാക്കാനുള്ള ശ്രമം നടന്നുവരുന്നു. രജിസ്‌ട്രേഷന്‍ വകുപ്പില്‍നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളടക്കം വിവിധ സേവനങ്ങള്‍ക്കും നെറ്റ് ബാങ്കിങ് വഴി പണം അടയ്ക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. ഈയിനത്തില്‍ അടച്ചതുക നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.
തിരുവനന്തപുരത്ത് പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഏപ്രില്‍ നാലിന് നടത്തിയ ഒരു ആധാരത്തിന്റെ ഫീസ് 7,24,070 രൂപ നെറ്റ് ബാങ്കിങ്ങിലൂടെ അടച്ചിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും തന്റെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചില്ലെന്നു കാണിച്ച് രജിസ്‌ട്രേഷന്‍ നടത്തിയ ടാനിയ ഹന്ന എല്‍സ മാമ്മന്‍ എന്നയാള്‍ രജിസ്‌ട്രേഷന്‍ വകുപ്പിനെ സമീപിക്കുകയായിരുന്നു.