സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് മാൻഹാളിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദിന്റെ ഭാര്യ സഫ്രീന സർക്കാർ ജോലിയിൽ പ്രവേശിച്ചു.
റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിലാണ് സഫ്രീനയുടെ നിയമനം. ഇടതുസർക്കാരിനോടുള്ള എല്ലാ നന്ദിയും അറിയിക്കുന്നതായി സഫ്രീന പറഞ്ഞു.
ഭർത്താവിന്റെ മരണശേഷം ഒരുവർഷമായി വീട്ടിൽ ഒതുങ്ങിക്കൂടിയിരുന്ന സഫ്രീനയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവുകൂടിയാണ് ഈ ജോലി.
ശനിയാഴ്ച പകൽ പതിനൊന്നോടെയാണ് സഫ്രീന കലക്ടറേറ്റിലെത്തിയത്. അവിടെ ജീവനക്കാർ കാത്തുനിന്നിരുന്നു. ജോലിയിൽ പ്രവേശിക്കാനുള്ള നടപടിക്രമങ്ങൾ സഹപ്രവർത്തകർ എളുപ്പമാക്കി.
സർക്കാരിന്റെ ഈ തീരുമാനം മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതാണെന്ന് പാളയം പച്ചക്കറി മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായ ബാപ്പ ഹംസക്കോയ പറഞ്ഞു.
നൗഷാദ് മരിച്ചശേഷം അവൾ പുറത്തിറങ്ങാറില്ലായിരുന്നു. വീട്ടിൽ മൂടിപ്പിടിച്ചിരിക്കും. അവൾ പുറത്തിറങ്ങി ആളുകളോട് സംസാരിച്ചുതുടങ്ങിയപ്പോൾ ഉണ്ടായ സന്തോഷം ചെറുതല്ല. എനിക്ക് ജീവനുള്ളിടത്തോളം കാലം ഈ സർക്കാരിനെ മറക്കാനാവില്ല- ഹംസക്കോയ പറഞ്ഞു.
കലക്ടറേറ്റിലേക്കുള്ള കത്തുകളെത്തുന്ന തപാൽ സെക്ഷനിലാണ് ജോലി. കത്തുകൾ വേർതിരിച്ച് ഓരോ ഓഫീസിലേക്കും മാറ്റുന്ന ജോലിയായിരുന്നു ആദ്യ ദിവസം. അത് കുഴപ്പമില്ലാതെ ചെയ്തതായി സഫറീന പറഞ്ഞു. എല്ലാവരും സഹകരിക്കുന്നെന്നും അതിൽ സന്തോഷമുണ്ടെന്നും സഫ്രീന പറ#്ഞു.
2015 നവംബർ 26നായിരുന്നു നൗഷാദിന്റെ ജീവൻ കവർന്ന അപകടം. കോഴിക്കോട് തളി ഭാഗത്തെ മാൻഹോൾ വൃത്തിയാക്കുന്നതിനിടയിൽ കുടുങ്ങിപ്പോയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഓട്ടോ ഡ്രൈവറായ നൗഷാദ് അപകടത്തിൽപ്പെട്ടത്.