തിരുവനന്തപുരം: സംസ്ഥാനത്തെ പാട്ടകാലാവധി കഴിഞ്ഞ ഭൂമികള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വര്‍ഷങ്ങളായി പാട്ടക്കരാര്‍ പുതുക്കാത്തതും പാട്ട വ്യവസ്ഥകള്‍ ലംഘിച്ചതുമായ ഭൂമി കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ധ്യക്ഷനായ പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയമിച്ചു. സംസ്ഥാനത്താകെ അറുപത്തിയയ്യായിരം ഏക്കറോളം സര്‍ക്കാര്‍ പാട്ടഭൂമിയുണ്ടെന്നാണ് കണക്ക്.
ലോ അക്കാദമി അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചെന്ന വിവാദത്തിന് പിന്നാലെയാണ് സംസ്ഥാനത്തെ മുഴുവന്‍ പാട്ട ഭൂമിയെ കുറിച്ചും അന്വേഷണം വരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും വരെ സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയുടെ വിവരങ്ങള്‍ അടിയന്തരമായി ശേഖരിക്കാനാണ് തീരുമാനം. ആര്‍ക്കൊക്കെ ഭൂമി നല്‍കി, എന്താവശ്യത്തിനാണ് നല്‍കിയത്, കാരാര്‍ രേഖകളുടെ വിശദാംശങ്ങള്‍ തുടങ്ങിയവ വിശദമായി പരിശോധിക്കും.
ഓരോ കേസും പ്രത്യേകം പരിഗണിച്ച് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.സംസ്ഥാനത്താകെ 64,750.15 ഏക്കര്‍ സര്‍ക്കാര്‍ പാട്ട ഭൂമി ഉണ്ടെന്നാണ് സിഎജി റിപ്പോര്‍ട്ട്. ഓരോ സ്ഥാപനത്തിനും വിട്ട് നല്‍കിയതില്‍ അധിക ഭൂമിയുണ്ടെങ്കില്‍ ഏറ്റെടുക്കും.പാട്ടക്കുടിശിക പിരിക്കും. ഭൂമി വകമാറ്റി ഉപയോഗിച്ചവര്‍ക്കെതിരെ കര്‍ശന നടപടിക്കും വ്യവസ്ഥ വരും. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കൂടാതെ നിയമ സെക്രട്ടറിയും ലാന്റ് റവന്യു കമ്മീഷണറും ജില്ലാ കലക്ടര്‍മാരുമടങ്ങുന്ന സമിതി ജില്ലാതല അവലോകനവും നടപടി റിപ്പോര്‍ട്ടും ഒരുമാസത്തിനകം നല്‍കണമെന്നാണ് നിര്‍ദ്ദേശം.