തിരുവനന്തപുരം: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വി.വി വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം നല്‍കും. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
വസന്തകുമാറിന്റെ ഭാര്യ ഷീലയുടെ ജോലി സ്ഥിരപ്പെടുത്താനുള്ള നടപടി എത്രയും വേഗം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഷീല ഇപ്പോള്‍ വെറ്റിറിനറി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലികമായാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഈ ജോലിയാണ് സ്ഥിരപ്പെടുത്തി നല്‍കുക.
ഇത് കൂടാതെ കുടുംബത്തിന് 25 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും. ഭാര്യയ്ക്ക് 15 ലക്ഷവും അമ്മയ്ക്ക് 10 ലക്ഷവുമാണ് നല്‍കുക. വസന്തകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമെങ്കില്‍ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു