ആലപ്പുഴ : കെ ആര്‍ ഗൗരിയമ്മയില്ലാത്ത കേരളത്തിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാകും ഇത്തവണത്തേക്ക്. ആറു പതിറ്റാണ്ടിലധികമായി തെരഞ്ഞെടുപ്പു ഗോദയിലെ നിറസാന്നിധ്യമായ കെ.ആര്‍. ഗൗരിയമ്മ മല്‍സരരാഷ്ട്രീയത്തോടു വിടപറയുകയാണ്. ‘ആരോഗ്യം അനുവദിക്കുന്നില്ല, എംഎല്‍എയോ മന്ത്രിയോ ആയി വീട്ടിലിരുന്നാല്‍ പോരല്ലോ. ജനങ്ങളുടെ ഇടയിലേക്കിറങ്ങണം. പഴയപോലെ ഓടിനടന്നു ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. അതിനാല്‍ ഇനി മല്‍സരിക്കാനില്ല’ ഗൗരിയമ്മ പറഞ്ഞു.
ഏറ്റവുമധികം തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാള്‍ എന്ന റിക്കോര്‍ഡ് ഗൗരിയമ്മയുടെ പേരിലാണ്. കേരളത്തിലെ ആദ്യ നിയമ വിദ്യാര്‍ത്ഥിനിയും ഗൗരിയമ്മയായിരുന്നു. കേരളത്തില്‍ വിവിധകാലങ്ങളില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവര്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സ്വതന്ത്ര കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പിലും ഗൗരിയമ്മ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണയും മത്സരിച്ചു. എന്നാല്‍ അരൂരില്‍ ജയിക്കാനായില്ല.
തുടര്‍ച്ചയായ വിജയത്തോടെ അരൂരിലെ കുഞ്ഞമ്മയെന്നാണ് ഗൗരിയമ്മ അറിയപ്പെട്ടിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി പിണങ്ങി യുഡിഎഫ് ക്യാമ്പിലെത്തിയപ്പോഴും ആരൂരുകാര്‍ ഗൗരിയമ്മയെ വിജയിപ്പിച്ചിരുന്നു. എന്നാല്‍ രണ്ട് തവണയായി തെരഞ്ഞെടുപ്പില്‍ ഗൗരിയമ്മ തോല്‍ക്കുകയാണ്. ഇത്തവണ ഇടത് ക്യാമ്പിലാണ് ഗൗരിയമ്മയുള്ളത്. അരൂര്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റും. ഈ പശ്ചാത്തലത്തിലാണ് മത്സരിക്കേണ്ടെന്നുള്ള തീരുമാനവും. ഓടി നടന്ന് പ്രചരണത്തിന് കഴിയില്ല. ഒപ്പം തോല്‍ക്കാന്‍ മനസ്സുമില്ല. ഇക്കാര്യം സിപിഐ(എം) നേതൃത്വത്തേയും ഗൗരിയമ്മ അറിയിച്ചു കഴിഞ്ഞു. മല്‍സരരംഗത്തില്ലെങ്കിലും സമകാലീകരാഷ്ട്രീയ വിശകലനത്തിലും മുന്നണി രാഷ്ട്രീയനീക്കങ്ങളിലും ഒട്ടും പിന്നാക്കം പോകാന്‍ തയാറല്ല.
കഴിഞ്ഞ തവണ യുഡിഎഫ് മുന്നണിയില്‍ അഞ്ചു സീറ്റിലാണു ജെഎസ്എസ് മല്‍സരിച്ചത്. ഇത്തവണയും അഞ്ചു സീറ്റ് തന്നെ എല്‍ഡിഎഫിനോടു ചോദിക്കണമെന്നാണു പ്രവര്‍ത്തകരുടെ ആഗ്രഹം. എന്നാല്‍, എല്‍ഡിഎഫുമായി ചര്‍ച്ചയൊന്നും നടത്തിയില്ലെന്നും ഗൗരിയമ്മ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മല്‍സരിക്കാന്‍ ആഗ്രഹമില്ലായിരുന്നെന്നും പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങി മാത്രമാണു മല്‍സരിക്കാന്‍ സമ്മതിച്ചതെന്നും അവര്‍ പറഞ്ഞു. ഇടതുപക്ഷത്ത് നിന്ന് പരമാവധി സീറ്റുകള്‍ വാങ്ങിയെടുക്കാനാണ് ഗൗരിയമ്മയുടെ ശ്രമം.
വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ കേരള രാഷ്ട്രീയത്തില്‍ പ്രശസ്തയായ കെ.ആര്‍. ഗൗരിയമ്മ ഒന്നാമത് കേരളമന്ത്രിസഭയിലെ മന്ത്രിയുമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്ന ഗൗരിയമ്മ. 1957ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. എന്നാല്‍ 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അവര്‍ വിഭിന്ന ചേരികളിലായി. കേരളത്തില്‍ 196070കളില്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തിന്റെ പ്രമുഖശില്പിയാണ് ഗൗരിയമ്മ.