
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. പിന്നീട് ചീമുട്ടയേറും കല്ലേറും തുടര്‍ന്നതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഗ്രനേഡും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. സ്വാശ്രയ വിഷയത്തില്‍ സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമര പന്തലിന് നേരെയും പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ ഡീന്‍ കുര്യാക്കോസിനും സിആര്‍ മഹേഷിനും ബോധം നഷ്ടപെട്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പോലീസിന്റെ ടിയര്‍ ഗ്യാസ് പ്രയോഗം കരുതികൂട്ടിയുള്ളതാണെന്നും പിണറായി വിജയന് അധികാരഭ്രാന്തും ധിക്കാരവും പിടിച്ചിരിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു.
അതേസ്മയം തിരുവനന്തപുരം ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അതിക്രമം കാണിച്ചതില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.സ്വാശ്രയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസും സി.ആര്‍ മഹേഷും ആരംഭിച്ച നിരാഹാരസമയം എട്ടാം ദിവസം പിന്നിട്ടു.