കോട്ടയം: ചിന്മയി നായർ എന്ന കൊച്ചുസംവിധായികയ്ക്ക് അഭിമാനിക്കാം. ആരോഗ്യ,ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജിന്റെയും, വിദ്യാഭ്യാസംവകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെയും ആശാസകളോടെ ചിന്മയി സംവിധാനം ചെയ്ത ഗ്രാൻഡ്മാ എന്ന 12 മിനിറ്റ് സിനിമ ശിശുദിനത്തിൽ റിലീസ് ചെയ്യുന്നത് ചലച്ചിത്രതാരം മോഹൻലാലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ. 14-ന് 2 pm നു മോഹൻലാൽ തന്നെയാണ് ചിന്മയിയുടെ സിനിമ പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നത്. ചിന്മയി പൊൻകുന്നം ചിറക്കടവ് എസ്.ആർ.വി.എൻ.എൻ.എസ്.വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്.
ഓൺലൈൻ പഠനത്തിൽ കുട്ടികൾ നേരിട്ട പ്രശ്‌നങ്ങൾ പ്രമേയമാക്കിയ ‘ഗ്രാൻഡ്മാ’ വിദ്യാഭ്യാസവകുപ്പ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കോവിഡ് സാഹചര്യത്തിൽ സ്‌കൂളിൽ പോകാതെ ഓൺലൈനിൽ പഠനം കുരുങ്ങി സഹപാഠികളെ കാണാനാവാതെ വിഷാദവാനായ ഒൻപുതുകാരനാണ് ചിത്രത്തിലെ നായകൻ. ടെലിവിഷൻ അവതാരകയും ബാലതാരവുമായ മീനാക്ഷിയുടെ അനുജൻ ആരിഷ് അനൂപാണ് ഈ വേഷത്തിൽ.
കുട്ടിയുടെ അച്ഛനായി അഭിനയിക്കുന്നത് മലയാളസിനിമയിൽ വില്ലൻവേഷങ്ങളിലൂടെ ശ്രദ്ധേയനായ സുധീറും. ഓരോ വീട്ടിലുമുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് അവിടെത്തന്നെ പരിഹാരമുണ്ടെന്ന സന്ദേശം കൂടിയാണ് ഗ്രാൻഡ്മാ നൽകുന്നത്. വീട്ടിലെ മുത്തശ്ശി എല്ലാപ്രശ്‌നങ്ങൾക്കും പോംവഴിയാണ്. ആ മുത്തശ്ശിയായി വേഷമിട്ടത് നർത്തകിയും പ്രൊഫസറുമായ ഗായത്രി വിജയലക്ഷ്മിയാണ്. ചിത്രം നിർമിച്ച സജിമോൻ, മോഡൽ ഗീ, വിഷ്ണുദാസ്, ബ്രിന്റ ബെന്നി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. അച്ഛൻ അനിൽരാജാണ് ചിന്മയിയുടെ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയത്.
കങ്കാരു,കഥ,സൂത്രക്കാരൻ, 1000 ഒരു നോട്ട് പറഞ്ഞ കഥ എന്നീ ചിത്രങ്ങളുടെയും നിരവധി പരസ്യചിത്രങ്ങളുടെയും സംവിധായകനാണ് അനിൽരാജ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സിനിമാപ്രവർത്തകരാണ് ചിന്മയിയുടെ ചിത്രത്തിന് അണിയറയിൽ പ്രവർത്തിച്ചത്. ബെന്നി ഫോട്ടോമാജിക്, സിയാൻ ശ്രീകാന്ത്, ബാലഗോപാൽ, അനീഷ് പെരുമ്പിലാവ്, പ്രദീപ് രംഗൻ, ത്യാഗു തവനൂർ ജെസ്വിൻ മാത്യു, ദിനേശ് ശശിധരൻ,ബുദ്ധ കേവ്‌സ്, ജോൺ ഡെമിഷ് ആന്റണി, എസ്.സൂര്യദത്ത്, എ.എസ്.ദിനേശ് എന്നിവരാണിവർ.