സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയെ സമ്പൂർണ്ണ മാലിന്യ രഹിതമാക്കുന്നതിന് ലക്ഷ്യം വച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ, ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട്, ജില്ലാ ഭരണകൂടം, ജില്ലാ ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ജില്ല ഒട്ടാകെ നടപ്പിലാക്കുന്ന ക്ലീൻ കോട്ടയം – ഗ്രീൻ കോട്ടയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അയർക്കുന്നം ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അദ്ധ്യക്ഷതയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എൽ.എ മാലിന്യ നിർമ്മാർജ്ജന ഉപാധികളുടെ വിതരണോൽഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.ശോഭാ സലിമോൻ, പളളംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.റ്റി.ശശീന്ദ്രനാഥ്, ജില്ലാ പഞ്ചായത്ത് വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ബേബി, അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഫിലിപ്പ് ജോസഫ്, ജനപ്രതിനിധികളായ ഷൈലജാ റെജി, ബിനോയി മാത്യു, ഗീതാ രാധാകൃഷ്ണൻ, ആലീസ് രാജു , ജോയിസ് കൊറ്റത്തിൽ, ആലീസ് സിബി, അയർക്കുന്നം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ജി. ഹരികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ കൂടാതെ ശുചിത്വമിഷൻ വിഹിതം,ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ചെലവഴിക്കുന്ന തുകകൾ ഉൾപ്പെടെ 50 കോടിയോളം രൂപയുടെ പ്രവർത്തനങ്ങളാണ് ക്ലീൻ കോട്ടയം – ഗ്രീൻ കോട്ടയം പദ്ധതിയുടെ ഭാഗമായി മാലിന്യ നിർമ്മാർജ്ജനത്തിനായി നടപ്പിലാക്കുക.
അതാത് പ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ വീടുകളിലും , കംപോസ്റ്റ് പിറ്റ്, സോക് പിറ്റ് , ബയോഗ്യാസ് പ്ലാന്റ്, എന്നിവ കൂടാതെ വിവിധ പ്രകാരങ്ങളിലുളള ജൈവ മാലിന്യ സംസ്ക്കരണ ഉപാധികൾ ഏതെങ്കിലും ഒന്ന്, ഓരോ വീടിനും അനുയോജ്യമായത് നിർണ്ണയിച്ച് നിർമ്മിച്ച് നൽകുകയോ, വിതരണം ചെയ്യകയോ ആണ് പദ്ധതിയുടെ ഒരു പ്രധാനതലം, കൂടാതെ ഹരിത കർമ്മ സേനയുടെ പ്രവർത്തനം ജില്ലയൊട്ടാകെ വ്യാപിപ്പിച്ച് പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവ മാലിന്യങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് ശേഖരിച്ച് എം.സി.എഫ് കളിൽ എത്തിച്ച് മാലിന്യ സംസ്ക്കരണ യൂണിറ്റുകൾക്ക് കൈമാറി അജൈവ മാലിന്യ റീ സൈക്ലിംഗ് പൂർണ്ണമായ തോതിൽ സാധ്യമാക്കുക. ഇതുപോലെ, ഈ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കോഴിക്കടകൾ, ഇറച്ചിക്കടകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മാംസ അവശിഷ്ടങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിനുളള താത്പര്യപത്രം ക്ഷണിക്കുകയും താൽപര്യപത്രം സമർപ്പിച്ച കമ്പനികളിൽ നിന്ന് തിരഞ്ഞെടുത്ത കമ്പിനിയ്ക്ക് ഇതിനുളള അംഗീകാരം നൽകിയിട്ടുമുണ്ട്. നടപടിക്രമങ്ങൾ പാലിച്ച് കോഴി, ഇറച്ചി മാലിന്യങ്ങൾ ശേഖരിച്ച് സംസ്ക്കരിക്കുന്നതിനുളള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ജില്ലയിലെ പ്രധാന ജംഗ്ഷനുകളിലും, ബസ് സ്റ്റാന്റുകളിലും മാർക്കറ്റുകളിലും മറ്റും നിലവിലുളള പൊതു ശൌചാലയങ്ങളുടെ അറ്റകുറ്റപ്പണികളും പുതിയ ശൌചാലയ സമുച്ചയനിർമ്മാണവും വിഭാവനം ചെയ്ത് ഗവൺമെന്റ് നിർദ്ദേശിച്ചിട്ടുളള ടേക്ക് എ ബ്രേക്ക് പദ്ധതിയും ഇതിന്റെ ഭാഗമായി പ്രാവർത്തികമാക്കും. ഇതൊടൊപ്പം ജില്ലയിലെ ഓരോ പ്രദേശത്തെയും 25 വീടുകൾ ഉൾപ്പെടുന്ന ഒരു ക്ലീൻ ക്ലബ്ബും, 4 ക്ലീൻ ക്ലബ്ബുകൾ ഉൾപ്പെടുന്ന 100 വീടുകളുടെ ഒരു സോണും രൂപീകരിച്ച് ജില്ല ഒട്ടാകെ മുഴുവൻ ജനങ്ങളെയും മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ബോധവാൻമാരാക്കി ഭാഗമാക്കുകയും ക്ലീൻ ക്ലബ്ബുകളുടെയും, സോണുകളുടെയും നേതൃത്വത്തിൽ അതാത് പ്രദേശത്തെ പൊതു നിരത്തുകളും, നീർച്ചാലുകളും ജലാശയങ്ങളും മാലിന്യ രഹിതമായി സംരക്ഷിക്കുന്നതിനുളള ജനകീയ സമിതികൾ പ്രവർത്തിക്കുകയും ചെയ്യുക തുടങ്ങിയവ ഒക്കെ ഈ പദ്ധതിയുടെ ഭാഗമായുളള പ്രവർത്തനങ്ങളാണ്. 2020 ഏപ്രിൽ മാസം മുതൽ ആരംഭിക്കുവാൻ ലക്ഷ്യമിട്ടിരുന്ന ക്ലീൻ കോട്ടയം – ഗ്രീൻ കോട്ടയം പ്രവർത്തനങ്ങൾ കൊറോണയുടെ സാഹചര്യത്തിൽ വൈകാനും മന്ദീഭവിക്കാനും ഇടയായി എങ്കിലും ഇപ്പോഴത്തെ തദ്ദേശസ്ഥാപനങ്ങളുടെ കാലയളവിൽ ഈ പദ്ധതി വിജയകരമായി തുടക്കം കുറിയ്ക്കാനം, തുടർന്നു വരുന്ന തദ്ദേശഭരണസമിതികൾക്ക് ഇശ്ചാശക്തിയോടെ മുൻപോട്ട് കൊണ്ടുപോയി ജില്ലയെ രാജ്യത്തെ ആദ്യ സമ്പൂർണ്ണ മാലിന്യ രഹിത ജില്ലയാക്കാൻ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.