കൊച്ചി: മൂന്നാറില്‍ പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി ഹരിത ട്രൈബ്യൂണല്‍. കെട്ടിട നിര്‍മ്മാണത്തിന് മൂന്നാര്‍ പഞ്ചായത്തിന്റെ മാത്രം അനുമതി പോരെന്ന് ചെന്നൈ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. റവന്യു വകുപ്പിന്റെ അനുമതി നിര്‍ബന്ധമാക്കി. നിര്‍മ്മാണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും കൂടിയേ തീരൂവെന്നും ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി.
മൂന്നാര്‍ പഞ്ചായത്ത് ചട്ടം ലംഘിച്ച് റിസോര്‍ട്ടുകള്‍ക്ക് എന്‍ഒസി നല്‍കിയതായും ചെന്നൈയിലെ ഹരിത ട്രൈബ്യൂണല്‍ ബെഞ്ച് കണ്ടെത്തി. അനുമതിയില്ലാതെ ഏലമലക്കാടുകളില്‍ നിന്ന് മരംമുറിക്കാന്‍ പാടില്ലെന്നും ഉത്തരവിട്ടത്. മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കലിന് പ്രത്യേക നയമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചു. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും വ്യക്തമാക്കി.
കേസില്‍ ദേവികുളം സബ്കളക്ടറോട് കക്ഷി ചേരാനം ട്രൈബ്യൂണല്‍ ബെഞ്ച് ആവശ്യപ്പെട്ടു. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിയ്ക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ലംഘിച്ച് ഒട്ടേറെ റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും പഞ്ചായത്ത് എന്‍ഒസി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹരിതട്രൈബ്യൂണലിന്റെ കര്‍ശന ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഇടുക്കി ജില്ലാ കലക്ടര്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
മൂന്നാറില്‍ പുതിയ കെട്ടിടനിര്‍മ്മാണം പൂര്‍ണമായും നിരോധിക്കണമെന്ന് കേസില്‍ കക്ഷി ചേര്‍ന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടെങ്കിലും ട്രൈബ്യൂണല്‍ ഇത് അംഗീകരിച്ചില്ല. കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുകയും നിലവിലുള്ളവയ്ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും ഉത്തരവിടുകയാണ് ട്രൈബ്യൂണല്‍ ചെയ്തത്. 2010 മുതല്‍ എന്‍ഒസി നല്‍കിയ റിസോര്‍ട്ടുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും മൂന്നാര്‍ പഞ്ചായത്തിനോട് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.