തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്‍മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേര്‍ത്തു. ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതി ചേര്‍ത്തിരിക്കുകയാണ്. അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെയാണ് ജില്ലാ ക്രൈംബ്രാഞ്ച് പ്രതിചേർത്തത്. ഇരുവരും നിലവിൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. ഷാരോണിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച ഗ്രീഷ്മയെ ഇന്ന് വൈകിട്ടോടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയിൽവെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കസ്റ്റഡിയിലിരിക്കേ ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്‍മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് വ്യക്തമാക്കി. 24 മണിക്കൂര്‍ നിരീക്ഷണത്തിൽ തുടരും. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കേസിൽ കൂടുതൽ പേരെ പ്രതിചേര്‍ക്കുന്നത് അടക്കം നിര്‍ണ്ണായക നീക്കങ്ങളിലാണ് പൊലീസ്.
നെടുമങ്ങാട് ഡി വൈ എസ്‍ പി ഓഫീസിലെ ശുചിമുറിയിൽ ഉണ്ടായിരുന്ന അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ എസ്‍ പി ഓഫീസിലെത്തിച്ച് അറസ്റ്റും തെളിവെടുപ്പ് അടക്കം തുടര്‍ നടപടികളും പ്രതീക്ഷിച്ചിരിക്കെയായിരുന്നു നാടകീയ സംഭങ്ങൾ. സുരക്ഷക്ക് നാല് പൊലീസുകാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് രാത്രി ഒന്നേകാലോടെ നെടുമങ്ങാട് ഡി വൈ എസ്‍ പി ഓഫീസിലേക്ക് ഗ്രീഷ്മയെ എത്തിക്കുന്നത്.
സുരക്ഷാ പരിശോധന നടത്തിയ ശുചിമുറിയുണ്ടായിട്ടും രാവിലെ രണ്ട് പൊലീസുകാര്‍ ഗ്രീഷ്മയെ കൊണ്ടുപോയത് സ്റ്റേഷന് പുറത്തെ ശുചിമുറിയിലേക്ക്. അവിടെ വച്ചായിരുന്നു ആത്മഹത്യാശ്രമം. പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടെ ഛര്‍ദ്ദിച്ച ഗ്രീഷ്മയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുരക്ഷാ വീഴ്ച വരുത്തിയ പൊലീസുകാരായ നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവരെ സസ്പെൻഡ് ചെയ്തു.
അതേസമയം വീട്ടില്‍ നിന്നും താലി കെട്ടിയ ശേഷമുള്ള ഷാരോണിന്‍റെയും ഗ്രീഷ്മയുടെയും വീഡിയോ പുറത്തുവന്നു. ഷാരോണിന്‍റെ കുടുംബം വീഡിയോ പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം ഷാരോണ്‍ ഗ്രീഷ്മയെ താലികെട്ടിയതിന് തെളിവ് ഇല്ലെന്ന് പൊലീസ് സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇതിന് വീഡിയോ തെളിവുണ്ടെന്ന് ഷരോണിന്‍റെ കുടുംബം പറഞ്ഞിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കൃത്യമായ ആസൂത്രണം നടത്തി ആണ് ഗ്രീഷ്മ ഷാരോണിനെ കൊല്ലാന്‍ തീരുമാനിച്ചത്. കൊലപാതകം ആസൂത്രണം ചെയ്യാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞെന്ന് പോലീസ് കണ്ടെത്തി. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുധ്യവുമാണ് കേസന്വേഷണത്തില്‍ പ്രധാന വഴിത്തിരിന് ആവുന്നത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് പെണ്‍കുട്ടി പറഞ്ഞതെന്നാണ് റിപ്പോർട്ട്