ഗുര്‍മീത് റാം റഹീമിന്‍റെ ഐടി വിദഗ്ധന്‍ അറസ്റ്റില്‍; 65 ഹാര്‍ഡ് ഡിസ്‌കുകളില്‍ ഉള്ളത്?

ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചൗ സൗദാ നേതാവ് ഗുര്‍മീത് റാം റഹീമിന്‍റെ ഐടി വിദഗ്ധന്‍ അറസ്റ്റില്‍. സിര്‍സയിലെ ഇവരുടെ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഐടി വിദഗ്ധന്‍ വിനീത് കുമാറിനെ പിടികൂടിയത്. ഇയാളില്‍ നിന്നും 65 ഹാര്‍ഡ് ഡിസ്‌കുകളും പോലീസ് കണ്ടെടുത്തു. ഹാര്‍ഡിസ്‌കുകള്‍ ദേരാ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിലത്തിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ റാം സിങ് പറഞ്ഞു. സിര്‍സയിലെ റാം റഹീമിന്റെ സാമ്രാജ്യത്തില്‍ ദിവസങ്ങളോളമായി പോലീസ് സംഘം പരിശോധന നടത്തുകയാണ്. കഴിഞ്ഞമാസമാണ് ഗുര്‍മീത് റാം റഹീമിനെ സിബിഐ കോടതി 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തെന്ന കുറ്റത്തിനാണ് ശിക്ഷ. ശിക്ഷ വിധിച്ചതിനുശേഷം ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ഗുര്‍മീതിന്റെ അനുയായികള്‍ കലാപമുണ്ടാക്കി. 38ഓളം പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. ഇതിനുശേഷമാണ് ദേരയുടെ 700 ഏക്കര്‍ ആസ്ഥാനത്ത് പോലീസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ പ്ലാസ്റ്റിക് പണവും രഹസ്യ ഗുഹയും സ്‌ഫോടക വസ്തു നിര്‍മാണ ശാലയുമെല്ലാം കണ്ടെത്തിയിരുന്നു.

Top