സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ അനുയായികളെ പൂർണമായി വെട്ടിനിരത്താൻ തന്ത്രങ്ങളുമായി എ- ഐ ഗ്രൂപ്പുകൾ വീണ്ടും ഒന്നിക്കുന്നു. തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് യുദ്ധങ്ങളും പരസ്പരം പോരും ഉണ്ടാകരുതെന്ന ഹൈക്കമാൻഡ് നിർദേശം പൂർണമായും അവഗണിച്ച്ാണ് ഇപ്പോൾ കോൺഗ്രസിലെ പരസ്യ പോര്.
കോൺഗ്രസിലെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനു ഐക്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് ഗ്രൂപ്പ് മാനേജർമാരുടെ യോഗം ചേർന്നതോടെയാണ് കോൺഗ്രസിനുള്ളിലെ പ്രശ്‌നങ്ങൾ തലപൊക്കിത്തുടങ്ങിയത്. സുധീരന്റെ അനുയായികളെ പൂർണമായും വെട്ടുന്നതിനുള്ള തന്ത്രമാണ് ഇവിടെ ഒരുങ്ങിയതെന്നാണ് രഹസ്യമായും പരസ്യമായി കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാർ സമ്മതിക്കുന്നത്.
കഴിഞ്ഞ ദിവസം കോൺഗ്രസ് യോഗത്തിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും പരസ്യമായി വിമർശിക്കാൻ വി.എം സുധീരൻ തയ്യാറായിരുന്നു. ഇതിനു തിരിച്ചടി എന്ന നിലയിലാണ് സുധീര ഗ്രൂപ്പിനെ പൂർണമായും തഴയാൻ ഉമ്മൻചാണ്ടി തന്ത്രം ഒരുക്കിയത്. ഇതിന്റെ ഭാഗമായാണ് ഉമ്മൻചാണ്ടി രമേശിനെ വീണ്ടും കൂട്ടുപിടിച്ചു രംഗത്ത് എത്തിയത്. ഇതിനെ പ്രതാപന്റെ പിൻമാറ്റം കൊണ്ടു നേരിടുന്നതിനാണ് ഇപ്പോൾ സുധീരൻ ശ്രമിക്കുന്നത്.
അതേസമയം പ്രതാപന്റെ കത്തിന്മേൽ കെപിസിസി തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ തവണ കൊടുങ്ങല്ലൂർ മണ്ഡലത്തിലാണ് പ്രതാപൻ മത്സരിച്ചിരുന്നത്. കെപിസിസിയുടെ സാധ്യതാ പട്ടികയിൽ ടിഎൻ പ്രതാപനെ സ്ഥാനാർത്ഥിയാക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. മൂന്ന് തവണ എംഎൽഎയായ തന്നെ ഇത്തവണ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതാപൻ കത്തയച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് കത്തിൽ ടിഎൻ പ്രതാപൻ വ്യക്തമാക്കുന്നു.
അതേസമയം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന പ്രതാപന്റെ നിലപാട് ധീരമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പ്രതികരിച്ചു. വിഎസിനെപ്പോലെയുള്ള മുതിർന്ന സിപിഐഎം നേതാക്കൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വ്യഗ്രതപ്പെടുമ്പോഴാണ് പ്രതാപന്റെ പിൻമാറ്റമെന്ന് സുധീരൻ അഭിപ്രായപ്പെട്ടു. എന്നാൽ കോൺഗ്രസിൽ തന്നെ ഇത്തരം നേതാക്കളുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സുധീരൻ പ്രതികരിച്ചില്ല.