ചെന്നൈ: ഇന്ത്യയ്ക്ക് ഇത് അഭിമാന നിമഷം ! വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ ഭാരം കൂടിയ ഉപഗ്രഹങ്ങള്‍ ഇനി ഇന്ത്യയ്ക്ക് സ്വന്തമായി ബഹിരാകാശത്തെത്തിക്കാം.
തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതിവിദ്യയില്‍ തയാറാക്കിയ ജിഎസ്എല്‍വി മാര്‍ക് 3 റോക്കിന്റെ വിക്ഷേപണം പൂര്‍ണമായി വിജയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് വൈകിട്ട് 5.28നായിരുന്നു വിക്ഷേപണം.
അഞ്ചു മിനിറ്റ് 22 സെക്കന്‍ഡ് മുതല്‍ 16 മിനിറ്റ് അഞ്ചു സെക്കന്‍ഡ് വരെയുള്ള ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയായി. അടുത്ത 15 സെക്കന്‍ഡിനുള്ളില്‍ ഉപഗ്രഹം വിക്ഷേപണവാഹനത്തില്‍നിന്ന് വേര്‍പെട്ടു. മൂന്നാം ഘട്ടവും വിജയകരമായതോടെ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്മാരുടെ മുഖത്ത് ആഹ്ളാദം പരന്നു
ഇതോടെ നാലു ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമായി. ഭാവിയില്‍ മനുഷ്യരെ വഹിക്കുന്ന ബഹിരാകാശപേടകമായും ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്തുവര്‍ഷത്തിനുള്ളില്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനാണ് ഇന്ത്യന്‍ പദ്ധതി.
ഐഎസ്ആര്‍ഒ ഇതുവരെ വികസിപ്പിച്ചതില്‍ ഏറ്റവും ഭാരം കൂടിയ വിക്ഷേപണവാഹനമാണ് ജിഎസ്എല്‍വി. മാര്‍ക്ക് മൂന്ന്. 640 ടണ്‍ ആണ് ഭാരം. ഉയരം 43.4 മീറ്റര്‍ (ഏതാണ്ടൊരു പന്ത്രണ്ടുനിലക്കെട്ടിടത്തിന്റെ ഉയരം). ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക്ക് സാങ്കേതി വിദ്യയാണ് റോക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.
ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത ഇന്ത്യയ്ക്ക് ക്രയോജനിക് വിദ്യ കിട്ടിയാല്‍ ആണവ മിസൈല്‍ ഉണ്ടാക്കുമെന്നാരോപിച്ച് 1992ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ക്രയോജനിക് വിദ്യ ഇന്ത്യയ്ക്ക് കൈമാറാനുള്ള ധാരണയില്‍ നിന്ന് റഷ്യ പിന്മാറിയത്. തുടര്‍ന്ന് 1994 ലാണ് ക്രയോജനിക് എന്‍ജിന്‍ സ്വന്തമായി വികസിപ്പിക്കാനുള്ള പദ്ധതി തിരുവനന്തപുരം വി എസ്.എസ്.സിയില്‍ തുടങ്ങിയത്. 2001 ല്‍ ജിഎസ്എല്‍വി മാര്‍ക്ക് 1 ഉം 2010ല്‍ മാര്‍ക്ക് 2 ഉം വികസിപ്പിച്ചു. അപ്പര്‍ സ്റ്റേജായ ക്രയോജനിക് എന്‍ജിന്‍ ഉള്‍പ്പെടെ മൂന്ന് സ്റ്റേജുകളും തദ്ദേശീയമായി നിര്‍മ്മിച്ച മാര്‍ക്ക് – ത്രീയുടെ ആദ്യ വിക്ഷേപണമാണ് ഇപ്പോള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
കെ.എ./കെ.യു. ബാന്‍ഡ് വാര്‍ത്താവിനിമയ ട്രാന്‍സ്പോണ്ടറുകള്‍, ഉപഗ്രഹങ്ങള്‍ക്കുമേല്‍ ബഹിരാകാശ വികിരണങ്ങള്‍ ചെലുത്തുന്ന സ്വാധീനമടക്കമുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ജിയോസ്റ്റേഷനറി റേഡിയേഷന്‍ സ്പെക്ടോമീറ്റര്‍ എന്നിവ അടങ്ങിയ ഉപഗ്രഹമാണ് ജി.സാറ്റ്-19. ജി-സാറ്റിന്റെ മൂന്ന് ഉപഗ്രഹങ്ങളുടെ പരമ്പര വിക്ഷേപിക്കുന്നതോടെ രാജ്യത്ത് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകും. ജി – സാറ്റ് 11, ജി – സാറ്റ് 20 ഉപഗ്രഹങ്ങളാണ് ഇനി വിക്ഷേപിക്കുക. ഇവയിലെ ഉയര്‍ന്ന ഫ്രീക്വന്‍സിയുള്ള ട്രാന്‍സ്പോണ്ടറുകളിലെ മള്‍ട്ടിപ്പിള്‍ സ്പോട്ട് ബീമുകളാണ് അതിവേഗ ഇന്റര്‍നെറ്റ് സാദ്ധ്യമാക്കുന്നത്. ഒരു സ്പോട്ട് ബീമിന് ഒരു നഗരത്തില്‍ മാത്രമേ ഇന്റര്‍നെറ്റ് നല്‍കാനാകൂ. മള്‍ട്ടിപ്പിള്‍ സ്പോട്ട് ബീമുകള്‍ രാജ്യം മുഴുവന്‍ ഇന്റര്‍നെറ്റ് നല്‍കാന്‍ പര്യാപ്തമാണ്.
ജി- സാറ്റ് 19 ല്‍ 11 മള്‍ട്ടിപ്പിള്‍ ബീമുകളുണ്ട്. മൂന്ന് ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നതോടെ 80 മള്‍ട്ടിപ്പിള്‍ സ്പോട്ട് ബീമുകള്‍ ലഭ്യമാകും. ഇതോടെ സെക്കന്‍ഡില്‍ 70 ജിഗാബൈറ്റ് ഇന്റര്‍നെറ്റ് ലഭിക്കും. നിലവില്‍ ഒരു ജിഗാബൈറ്റാണ് പരമാവധി വേഗത.