സ്വന്തം ലേഖകൻ
ന്യൂഡൽഹി: ചരക്കു സേവന നികുതി നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ജി.എസ്.ടിയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ജിഎസ്ടി കൊണ്ടുവന്നാൽ അത് ഒരുകാലത്തും ഇന്ത്യയിൽ വിജയിക്കാൻ പോവുന്നില്ല എന്ന് മോദി പ്രസംഗിക്കുന്നതിന്റെ വീഡിയോയാണ് കോൺഗ്രസ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. മോദിയ്ക്കും ബിജെപിയിക്കും യഥാർത്ഥത്തിൽ ജിഎസ്ടിയെക്കുറിച്ചുള്ള അറിവും മതിപ്പും ഇതാണെന്ന് പരിഹസിച്ചുകൊണ്ടുകൂടിയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജിഎസ്ടി അസാധ്യമാണെന്ന് മോദി പറയുന്ന മറ്റൊരു വീഡിയോയും കോൺഗ്രസ്സ് പുറത്തുവിട്ടിട്ടുണ്ട്.
രാജ്യവ്യാപകമായുള്ള നികുതിദായകർക്ക് വിവരസാങ്കേതിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ജിഎസ്ടി നടപ്പിലാക്കാൻ കഴിയില്ല. അത് അസാധ്യമാണ്. കാരണം ജിഎസ്ടി രൂപകൽപന ചെയ്തിരിക്കുന്നത് അങ്ങനെയാണ് ജിഎസ്ടിയെക്കുറിച്ച് പറയുമ്പോൾ തുടക്കം മുതൽ.. ജിഎസ്ടി ഒരിക്കലും തന്നെ വിജയിക്കാൻ പോകുന്നില്ല. ഇതാണ് ബിജെപിയുടെയും ഗുജറാത്ത് സർക്കാരിന്റെയും കാഴ്ച്ചപ്പാട് ഇരു വീഡിയോകളിലുമായി മോദി പറയുന്നു, ജിഎസ്ടി തമാശ എന്നപേരിൽ ഒരു ഹാഷ്ടാഗ് ഉപയോഗിച്ചുള്ള കാംപയിനും കോൺഗ്രസ്സ് ട്വിറ്ററിൽ ആരംഭിച്ചിട്ടുണ്ട്.
ജിഎസ്ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഗുഡ്സ് ആൻഡ് സർവ്വീസസ് ടാക്സ് അഥവാ ചരക്ക് സേവന നികുതി രാജ്യത്ത് നിലവിൽ വരാൻ മണിക്കൂറുകൾ മാത്രമാണ്ണ് ശേഷിക്കുന്നത്. സ്വാതന്ത്രം ലഭിച്ചതിനുശേഷമുള്ള ഏറ്റവും ശ്രദ്ധേയമായ ചുവടുവയ്പായി കണ്ട് ജിഎസ്ടിയിലേയ്ക്കുള്ള മാറ്റത്തെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി സർക്കാർ.