അനധികൃതമായി സ്വര്‍ണ ബിസ്‌കറ്റുകളും പണവും സൂക്ഷിച്ച കേസ്സില്‍ യുവതിയെ അറസ്റ്റ് ചെയ്തു. വടക്കന്‍ ഗുജറാത്തിലെ ബാണസ്‌കന്ദയിലാണ് സംഭവം.
സ്വാധി ജയ് ശ്രീ ഗിരി എന്ന യുവതിയാണ് ഗുജറാത്തില്‍ അറസ്റ്റിലായത്. നവംബറില്‍ വാങ്ങിയ ബില്ലില്ലാത്ത അഞ്ച് കോടി രൂപയുടെ 25 സ്വര്‍ണ ബിസ്‌കറ്റുകള്‍ പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞയാഴ്ച പ്രാദേശിക ജ്വല്ലറി ഉടമ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. സ്വര്‍ണ ബിസ്‌കറ്റുകള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ പലതവണ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്വാധി ജയ് ശ്രീ തയാറായില്ല. 45കാരിയായ ഇവര്‍ ബാണസ്‌കന്ദ ജില്ലയിലെ ഒരു ക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷയാണ്.
സ്വാധി ജയ് ശ്രീയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ കൂടാതെ 1.2 കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകളും മദ്യകുപ്പികളും പിടിച്ചെടുത്തിരുന്നു. മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്.
സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ നീരജ് ബദ്ജുഗാര്‍ പറഞ്ഞു.