ഗള്‍ഫ് നാടുകളിലേയ്ക്കു പറക്കാന്‍ കേരളത്തിന്റെ വിമാനം ഉയരുന്നില്ല; നിലപാടില്‍ മാറ്റം വന്നില്ലെങ്കില്‍ എയര്‍ കേരള പറക്കില്ല

ന്യൂഡല്‍ഹി: ഗള്‍ഫ് നാടുകളിലേക്ക് സര്‍വീസ് നടത്താന്‍ കേരളത്തിന് പ്രത്യേക വിമാനകമ്പനി, ‘എയര്‍ കേരള’ വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന്‍മേല്‍ വ്യക്തമായ നിലപാട് കൈക്കൊള്ളാതെ വ്യോമയാനനയം.
രാജ്യത്തിനകത്ത് അഞ്ചുകൊല്ലം സര്‍വീസ് നടത്തിയ പരിചയവും 20 വിമാനങ്ങളും ഉണ്ടെങ്കിലേ വിദേശ സര്‍വീസിന് അനുമതി നല്‍കൂ എന്നാണ് നിലവിലെ 5/20 എന്ന ചട്ടം. 2004 ല്‍ കേന്ദ്രമന്ത്രിസഭയെടുത്ത ഈ ചട്ടത്തില്‍ ഇളവുവേണമെന്ന് കേരളം കഴിഞ്ഞ കുറേക്കാലമായി ആവശ്യപ്പെടുന്നുണ്ട്. മുന്‍സര്‍ക്കാറിന്റെ കാലത്തും പിന്നീടും പല ഉറപ്പുകളും ലഭിച്ചിരുന്നു.
പുതിയ കരടുനയത്തില്‍ ഇതിന്‍മേല്‍ മൂന്ന് സാധ്യതകളാണ് പറയുന്നത്. 5/20 ചട്ടം നിലവിലുള്ളതുപോലെ തുടരുക, അത് ഉടന്‍തന്നെ നിര്‍ത്തലാക്കുക, ആഭ്യന്തര സര്‍വീസ് നടത്തുന്നതിന് ആനുപാതികമായി ‘ക്രെഡിറ്റ്’ ശേഖരിക്കുക.
ചുരുങ്ങിയത് 300 ക്രെഡിറ്റ് എത്തിയാല്‍ സാര്‍ക്ക് രാജ്യങ്ങളിലേക്കും 600 ക്രെഡിറ്റ് എത്തിയാല്‍ മറ്റുരാജ്യങ്ങളിലേക്കും സര്‍വീസിന് അര്‍ഹത നേടും. ക്രെഡിറ്റ് കണക്കാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കരടുനയത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഈ സാധ്യതകള്‍ സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം അഭിപ്രായങ്ങള്‍ നല്‍കാം. 5/20ന്‍ മേല്‍ അന്തിമതീരുമാനം അതിനുശേഷം പ്രഖ്യാപിക്കും.
‘എയര്‍ കേരള’ എന്ന മോഹം ഉപേക്ഷിക്കേണ്ടിവരുമെന്ന സൂചനയാണ് കരടുനയത്തില്‍നിന്ന് ലഭിക്കുന്നത്. ചട്ടം പൂര്‍ണമായി ഉപേക്ഷിച്ചാലേ കേരളത്തിന് ഗുണമുണ്ടാകൂ. ആഭ്യന്തരസര്‍വീസ് നിര്‍ദിഷ്ട എയര്‍ കേരളയുടെ ഉദ്ദേശ്യമല്ല. സാര്‍ക്ക് രാജ്യങ്ങളല്ല, മറിച്ച് ഗള്‍ഫ് രാജ്യങ്ങളാണ് അതിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ രാജ്യത്തിനകത്ത് സര്‍വീസ് നടത്തി ക്രെഡിറ്റുണ്ടാക്കലും പിന്നീട് മറ്റുരാജ്യങ്ങളിലേക്ക് പറക്കലും മോഹമായിത്തന്നെ കിടക്കും.

Top