സ്വന്തം ലേഖകൻ
ദുബായ്: ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധ ഭീതി ഉടലെടുത്തതോടെ ഒരു ലക്ഷം മലയാളികൾ അപകട ഭീഷണിയിൽ. യുഎഇയിൽ നിന്നുള്ള വിമാനത്തെ ഖത്തർ പോർവിമാനങ്ങൾ തടഞ്ഞതാണ് പുതിയ പ്രകോപനത്തിന് കാരണം. ഖത്തറിന് സൗദിയും യുഎഇ ഭരണകൂടവും ഉപരോധം ഏർപ്പെടുത്തിയതിന് ശേഷമുണ്ടാകുന്ന കടുത്ത പ്രകോപനമാണ് ഇപ്പോൾ ഖത്തറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
യുഎഇ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആണ് വിവരം പുറം ലോകത്തെ അറിയിച്ചത്.
ബഹ്റിൻ-മനാമ യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് ഖത്തറിന്റെ നടപടിയെന്ന് ജിസിഎഎ അറിയിച്ചു. വ്യോമഗതാഗതം സംബന്ധിച്ച എല്ലാ രാജ്യാന്തര വ്യവസ്ഥകളും തങ്ങൾ പാലിച്ചിരുന്നെന്നും യുഎഇ പറഞ്ഞു.
അതേസമയം, യുഎഇയുടെ അവകാശവാദം തെറ്റാണെന്നും തങ്ങൾ വിമാനം തടഞ്ഞിട്ടില്ലെന്നും ഖത്തർ അറിയിച്ചു.
പ്രധാനമായും എമിറേറ്റസ്, ഇത്തിഹാദ്, ഫ്ളഡ് ദബീൽ, എയർ അറേബ്യ എന്നീ നാലു വിമാനങ്ങളാണ് ബഹറിനേക്ക് സർവീസ് നടത്തുന്നത്.
കഴിഞ്ഞ ജൂണിലാണ് ഖത്തറിനെതിരെ സൗദിയുടെ നേതൃത്വത്തിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നത്. ഖത്തറിന്റെ വളർച്ചയിലുള്ള അസൂയയാണ് ഉപരോധത്തിന് പിന്നിലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഉപരോധത്തിന് മുന്നിൽ മുട്ട് മടക്കാതെ സ്വന്തം നിലയ്ക്ക് മുന്നോട്ട് പോകുന്ന ഖത്തറിന് ഇറാൻ, തുർക്കി ഉൾപ്പെടെയുള്ള മുസ്ലീം രാഷ്ട്രങ്ങളുടെ ശക്തമായ പിന്തുണയുണ്ട്.
മാത്രമല്ല പെട്രോളിയം ഉൽപന്നങ്ങളുടെ വിളനിലമായ ഖത്തറിനെ കൈവിടാൻ ഇന്ത്യ, റഷ്യ, ബ്രിട്ടൺ, ജപ്പാൻ, ജർമ്മനി, ഫ്രാൻസ് ഉൾപ്പെടെയുള്ള ലോക ശക്തികൾ തയ്യാറുമല്ല.