സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ ബൈക്കിൽ സഞ്ചരിച്ച അമ്മയ്ക്കും മകനുമെതിരേ സദാചാര ഗുണ്ടകളുടെ ആക്രമണം. കോവൂർ സ്വദേശിയായ നൃത്ത അധ്യാപിക കലാമണ്ഡലം ഷീബയ്ക്കും മകൻ ജിഷ്ണുവിനുമാണ് മർദ്ദനമേറ്റത്. ബൈക്കിൽ പോയ ഇരുവരെയും അഞ്ചംഗ സംഘം തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. അമ്മയും മകനുമാണെന്ന് പറഞ്ഞിട്ടും സംഘം മർദിക്കുകയായിരുന്നുവെന്ന് ഷീബയുടെ പരാതിയിൽ പറയുന്നു. ഇവരുടെ പരാതിയിൽ പ്രദേശവാസികളായ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നൃത്ത പരിപാടിക്കുശേഷം അർധരാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷീബയും മകനും. വഴിമധ്യേ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുന്നതിനിടെ ഒരു സംഘം യുവാക്കൾ ശല്യപ്പെടുത്തി തുടങ്ങി. തുടർന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ സംഘം മൂന്നു ബൈക്കുകളിലായി ഷീബയെയും മകനെയും പിന്തുടർന്നു. ചേവായൂരിന് സമീപത്ത് വച്ച് ബൈക്കിൽ നിന്ന് ഇരുവരെയും സംഘം തള്ളി വീഴ്ത്തി മർദ്ദിക്കുകയായിരുന്നു. 20 മിനിറ്റോളം തങ്ങളെ മർദിച്ചെന്ന് പരാതിയിൽ പറയുന്നു. പിന്നീട് അതുവഴി വന്ന ഒരു കാറിന്റെ വെളിച്ചം കണ്ടപ്പോൾ സംഘം മടങ്ങുകയായിരുന്നു.
സംഘം സഞ്ചരിച്ച ബൈക്കുകളിൽ ഒന്നിന്റെ നമ്പർ ,ഷീബ കുറിച്ചെടുത്തിരുന്നു. തുടർന്ന് ചേവായൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തി അന്വേഷണത്തിലാണ് സംഘം പിടിയിലായത്. സംഘത്തിലെ ഒരാൾ ഊട്ടിയിലേക്ക് കടന്നു കളഞ്ഞതായാണ് വിവരം. പിടിയിലായ അഞ്ചുപേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.