ഗുണ്ടയുടെ പിറന്നാളാഘോഷം പോലീസ് സ്റ്റേഷനിൽ

സേലം: ഒരു ഗുണ്ടയുടെ പിറന്നാളാഘോഷം അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. കുപ്രസിദ്ധ ഗുണ്ടാ നേതാവ് തലവെട്ടി ബിനുവിന്റെ പിറന്നാളാഘോഷമായിരുന്നു അത്. ആ പിറന്നാള്‍ ആഘോഷം പക്ഷേ ബിനുവിന്റെ കഷ്ടകാലത്തിന്റെ തുടക്കമായിരുന്നു. ബിനു അടക്കം നിരവധി ഗുണ്ടകളെയാണ് പിറന്നാള്‍ ആഘോഷത്തിനിടെ പോലീസ് പൊക്കി അകത്താക്കിയത്. സേലം കണ്ണന്‍കുറിശ്ശിയിലും നടന്നു ഒരു ഗുണ്ടയുടെ പിറന്നാള്‍ ആഘോഷം. പക്ഷേ അത് പോലീസ് സ്‌റ്റേഷനിലായിരുന്നുവെന്ന് മാത്രം. സ്ഥലത്തെ കുപ്രസിദ്ധ ഗുണ്ടയാണ് സുശീന്ദ്രന്‍. ഇയാള്‍ കൊണ്ടപ്പനായ്ക്കന്‍പട്ടി സ്വദേശിയാണ്. ഇരുപത്തിയൊന്‍പത് വയസ്സ് മാത്രമാണ് പ്രായം. ഈ പ്രായത്തിനിടെ തന്നെ ഗണ്ടാപ്പണിയില്‍ മിടുക്കനാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്. കണ്ണന്‍കുറുശ്ശി സ്റ്റേഷനില്‍ മാത്രമല്ല, സിറ്റിയിലും മറ്റ് പല സ്റ്റേഷനുകളിലും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഒരു കേസില്‍ അകപ്പെട്ട് കുറച്ചുനാള്‍ അകത്ത് കിടന്ന ഇയാള്‍ കഴിഞ്ഞ ദിവസമായിരുന്നു ജാമ്യം നേടി പുറത്ത് ഇറങ്ങിയത്. സുശീന്ദ്രന്‍ ജാമ്യത്തിലിറങ്ങിയ ദിവസം സുഹൃത്തുക്കളാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. കൂട്ടുകാര്‍ക്കൊപ്പമുള്ള ആഘോഷത്തിന് ശേഷമാണ് ഇയാള്‍ കണ്ണന്‍കുറിശ്ശി സ്‌റ്റേഷനിലെത്തിയത്. ബാക്കി ആഘോഷം സ്‌റ്റേഷനില്‍ പോലീസുകാര്‍ക്കൊപ്പമായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ കരുണാകരന്റെ നേതൃത്വത്തിലായിരുന്നു സ്റ്റേഷനിലെ കേക്ക് മുറിക്കലും ആഘോഷങ്ങളും. സുശീന്ദ്രന്റെ വായിലേക്ക് ഇന്‍സ്‌പെക്ടര്‍ കേക്ക് വെച്ച് കൊടുക്കുന്ന ഫോട്ടോയെടുത്ത് സുഹൃത്തുക്കള്‍ ഫേസ്ബുക്കിലുമിട്ടു. പോലീസ് സ്‌റ്റേഷനിലെ ഗുണ്ടയുടെ പിറന്നാള്‍ ചിത്രം ഞൊടിയിടയില്‍ വൈറലാവുകയും ചെയ്തു. ചിത്രം വൈറലായതോടെ സംഭവം വിവാദമായി. ഇതോടെ ഗുണ്ടയെ സ്‌നേഹിച്ച മഹാമനസ്‌കനായ ഇന്‍സ്‌പെക്ടറെ സിറ്റി പോലീസ് കമ്മീഷണര്‍ ഇടപെട്ട് സ്ഥലം മാറ്റി. പരാതി ഉന്നതതലത്തില്‍ എത്തിയതോടെയാണ് നടപടി. വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Top