ജലാലാബാദ്: അഫ്ഗാനിസ്താനിലെ കിഴക്കന്‍ നഗരമായ ജലാലാബാദില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ കേന്ദ്രത്തില്‍ ചാവേര്‍ ആക്രമണം. രണ്ട് ചാവേറുകള്‍ സ്‌റ്റേഷനില്‍ പൊട്ടിത്തെറിച്ചു. ഒപ്പം വെടിവയ്പുമുണ്ടായി. അക്രമികളുമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ഗവര്‍ണറുടെ വക്താവ് അല്ലാത്തുള്ള ഖുഗ്യാനി അറിയിച്ചു.
സ്‌റ്റേഷനുള്ളില്‍ ഏതാനും അക്രമികള്‍ നുഴഞ്ഞുകയറിയതായി സുരക്ഷാ വിഭാഗം സ്ഥിരീകരിച്ചു. അവര്‍ ആരാണെന്നോ ലക്ഷ്യമെന്താണെന്നോ വ്യക്തമല്ല. മൂന്ന് അക്രമികള്‍ സ്‌റ്റേഷനുള്ളില്‍ കടന്നു. അവരില്‍ രണ്ടു പേര്‍ പൊട്ടിത്തെറിച്ചു. ഒരാളാണ് സുരക്ഷാ വിഭാഗവുമായി ഏറ്റുമുട്ടല്‍ നടത്തുന്നതെന്നും അല്ലാത്തുള്ള പറഞ്ഞു.
ഗവര്‍ണറുടെ വസതിക്കു സമീപമാണ് അഫ്ഗാനിലെ ദേശീയ വാര്‍ത്താചാനല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പാകിസ്താന്റെ അതിര്‍ത്തി പ്രദേശമായ ഇവിടെ ഇസ്ലാമിക് സ്‌റ്റേറ്റ് പോരാളികള്‍ ശക്തരാണ്. താലിബാന്റെ സജീവ സാന്നിധ്യവും ഇവിടെയുണ്ട്.
അഫ്ഗാനിലെ സര്‍ക്കാരിനെ പുറത്താക്കാന്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ നിരന്തരം പോരാട്ടത്തിലാണ്. സൈനിക ആശുപത്രിക്കും മസാരി ഷെരീഫിലെ സൈനിക താവളത്തിനും നേര്‍ക്ക് ഈ വര്‍ഷം ആക്രമണം നടന്നിരുന്നു.