ആള്‍ദൈവത്തിന് പത്തുവര്‍ഷം കഠിന തടവ്

ബലാത്സംഗക്കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന് പത്തുവര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷവിധിച്ചത്. കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2002 ല്‍ നടന്ന കേസിലാണ് ഗുര്‍മീത് തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് ഗുര്‍മീതിന് പത്തുവര്‍ഷം തടവ് ശിക്ഷ കോടതി വിധിച്ചിരിക്കുന്നത്.
ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന സുനാരിയയിലെ ജയില്‍ കോടതിമുറിയാക്കി മാറ്റിയായിരുന്നു സിബിഐ കോടതി ജഡ്ജി ജഗദീപ് സിംഗ് വിധി പ്രഖ്യാപിച്ചത്. വിധി പറയാനായി രാവിലെ 11.30 ഓടെ ജഡ്ജി പ്രത്യേക ഹെലികോപ്റ്ററില്‍ ജയിലിലെത്തി. ജയില്‍ കോടതിമുറിയാക്കി മാറ്റാന്‍ ഹരിയാന ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഗുര്‍മീതിനെ പുറത്തിറക്കിയാല്‍ ഉണ്ടാകാവുന്ന സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ജയിലില്‍ വിധി പ്രസ്താവിച്ചത്. കനത്ത സുരക്ഷാവലയത്തിലാണ് ജഡ്ജിയെ ജയിലിലെത്തിച്ചത്.

തങ്ങളുടെ വാദങ്ങള്‍ നിരത്താന്‍ ഇരുഭാഗത്തിനും പത്ത് മിനിട്ട് വീതം മാത്രമാണ് ജഡ്ജി അനുവദിച്ചത്. ഗുര്‍മീതിന്റെ പ്രായം, ആരോഗ്യപ്രശ്‌നങ്ങള്‍, സാമൂഹിക പ്രവൃത്തികള്‍ എന്നിവ കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവൃത്തിച്ച വ്യക്തിയാണ് ഗുര്‍മീതെന്നും ശിക്ഷ വിധിക്കുമ്പോള്‍ അക്കാര്യം പരിഗണിക്കമെന്നും അഭിഭാഷകന്‍ ജഡ്ജിയോട് പറഞ്ഞു. എന്നാല്‍ പ്രതിക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തന്നെ നല്‍കണമെന്ന് സിബിഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പ്രതി ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top