ആള്‍ദൈവമായ ഗുര്‍മീത് റാംറഹീം സിംഗ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യാപക അക്രമം ആണ് പഞ്ചാബിലും സമീപ പ്രദേശങ്ങളിലും അനുയായികള്‍ അഴിച്ച് വിട്ടിരിക്കുന്നത്.
റാം റഹീമിനെ പോലുള്ള ആള്‍ദൈവങ്ങളെ ആരാധിക്കുന്നതിന്റെ പേരില്‍ ഉത്തരേന്ത്യക്കാരെ പുച്ഛിക്കാന്‍ വരട്ടെ. കേരളവുമായും ബന്ധമുണ്ട് റോക്ക് സ്റ്റാര്‍ സ്വാമി എന്നറിയപ്പെടുന്ന ഈ പുതുതലമുറ ആള്‍ദൈവത്തിന്.
ഉത്തരേന്ത്യയില്‍ മാത്രമല്ല ഗുര്‍മീത് റാം റഹീം സിംഗിന് ഭക്തന്മാരുള്ളത്. നമ്മുടെ കേരളത്തിലുമുണ്ട്. ഏറെ ബഹളമയമായി പല തവണ ഈ ആള്‍ദൈവം കേരളം സന്ദര്‍ശിച്ചിട്ടുമുണ്ട്. അപ്പോഴൊക്കെ അത് വാര്‍ത്തയായിട്ടുമുണ്ട്.
എല്ലായിടത്തും നൂറ് കണക്കിന് വാഹനങ്ങളുടേയും സുരക്ഷാ ജീവനക്കാരുടേയുമെല്ലാം അകമ്പടിയോടെയാണ് ഗുര്‍മീത് റാം റഹീം സിംഗിന്റെ യാത്ര. അനുയായികളും കാണും ഏറെപ്പേര്‍ അനുഗമിക്കാന്‍. കേരളത്തിലേക്കുള്ളവ വരവുകളും അത്തരത്തില്‍ തന്നെ ആയിരുന്നു.
2010ല്‍ ഗുര്‍മീത് കേരളം സന്ദര്‍ശിച്ചപ്പോള്‍ രണ്ട് പേരെ വാഹനം ഇടിച്ച് അപകടത്തിലാക്കിയതിന്റെ പേരിലാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. മൂന്നാറില്‍ രണ്ട് ദിവസം സുഖവാസത്തിലായിരുന്ന ഗുര്‍മീതിന്റെ യാത്രയ്ക്കിടെ അകമ്പടി വാഹനം ഇടിച്ചാണ് ആദ്യത്തെ അപകടം.
പിന്നീട് മൂന്നാറില്‍ നിന്നും കൊച്ചിയിലേക്ക് പോകും വഴിയും അപകടമുണ്ടായി. രണ്ട് സംഭവങ്ങളിലും ആളെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു ആള്‍ദൈവവും കൂട്ടരും. സംഘം കൊച്ചിയിലെത്തി ഷോപ്പിംഗ് പൊടിപൊടിക്കുകയും ചെയ്തു.
അന്ന് ആള്‍ദൈവത്തിന് വേണ്ടി കൊച്ചിയില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത് വിമര്‍ശിക്കപ്പെട്ടിരുന്നു. പിന്നീട് 2012ലാണ് ഗുര്‍മീത് കേരളത്തിലെത്തിയത്. അന്ന് വയനാട്ടില്‍ ആള്‍ദൈവത്തിന് സുഖചികിത്സയും വിശ്രമവും ആയിരുന്നു.
വയനാട്ടില്‍ നിന്ന് കോഴിക്കോടേക്കും കുമരകത്തേക്കും ഗുര്‍മീത് കുടുംബത്തിനും അനുയായികള്‍ക്കുമൊപ്പം യാത്ര നടത്തി. സ്വന്തം സുരക്ഷാസേനയെക്കൂടാതെ കേരളത്തില്‍ നിന്നടക്കമുള്ള പോലീസുകാരും ദൈവത്തിനൊപ്പം ഉണ്ടായിരുന്നു. പുറമേ ഫയര്‍ എഞ്ചിനും മൊബൈല്‍ ഹോസ്പിറ്റലും.
2014ല്‍ വാഗമണ്ണില്‍ ഗുര്‍മീത് ഒരു ആത്മീയ പരിപാടിയില്‍ പങ്കെടുത്തിരുന്നു. 2015ല്‍ ദേശീയ ഗെയിംസ് നടക്കുന്നതിനിടെയും ആള്‍ദൈവം കേരളത്തിലെത്തി. ഗുര്‍മീതിന് കേരളത്തില്‍ ഭൂമി ഇടപാടുകള്‍ ഉണ്ടെന്നും സന്ദര്‍ശനങ്ങളില്‍ ദുരൂഹത ഉണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാലിത് ഗുര്‍മീത് നിഷേധിച്ചു.