കൈവശം പണം ഇല്ല; ഗുർമീതിന് പിഴ അടയ്ക്കാന്‍ ആവില്ല

ലോകം തന്നെ ത്യജിച്ചവനാണ് താനെന്നും അതിനാൽ പിഴ ചുമത്തിയ 30 ലക്ഷം രൂപ അടയ്ക്കാനാവില്ലെന്നുമുള്ള വാദവുമായി സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീം. 2002ൽ ദേര സച്ച ആസ്ഥാനത്ത് നടന്ന പീഡനവുമായി ബന്ധപ്പെട്ട കേസിൽ 20 വർഷത്തേ തടവിന് ശിക്ഷിക്കപ്പെട്ട തനിക്ക് പിഴയൊടുക്കാനാവില്ലെന്ന് അഭിഭാഷകൻ മുഖേനയാണ് ഗുർമീത് കോടതിയെ അറിയിച്ചത്. തന്‍റെ സമ്പാദ്യമെല്ലാം പോലീസും അന്വേഷണ ഉദ്യോഗസ്ഥരും കണ്ടുകെട്ടിയെന്നും അതിനാലാണ് ഈ പിഴയൊടുക്കാൻ കഴിയാത്തതെന്നുമാണ് ഗുർമീത് കോടതിയെ അറിയിച്ചത്. ബലാംത്സംഗ കുറ്റത്തിന് തനിക്കെതിരെ വിധിച്ച 20 വർഷത്തെ ശിക്ഷ ഒഴിവാക്കണമെന്ന ഗുർമീതിന്‍റെ അപ്പീലിൽ ഡിവിഷൻ ബഞ്ച് സിബിഐയ്ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു. ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് സുധീർ മിത്തൽ എന്നിവരാണ് ഗുർമീതിന്‍റെ ഹർജിയിൽ വാദം കേട്ടത്. പീഡനവുമായി ബന്ധപ്പെട്ട് ഗുർമീതിന് ലഭിച്ച തടവു ശിക്ഷ ജീവപര്യന്തമാക്കണമെന്ന, പീഡനത്തിനിരയായ യുവതികളുടെ ഹർജിയും കോടതിയുടെ പരിഗണനയിലാണ്.

Top