
ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ വിശ്വാസികൾക്കും പ്രവേശനം നൽകണമെന്ന് സിപിഐ എംപി സി.എൻ.ജയദേവൻ. അഹിന്ദുക്കളായ എല്ലാ വിശ്വാസികളെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം അനാവശ്യ വിവാദങ്ങൾ ഭയന്നാണ് ഭരണസമിതികൾ ഈ വിഷയത്തിൽ തീരുമാനമെടുക്കാത്തതെന്നും പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഭരണസമിതിയ്ക്ക് എല്ലാവരുടെയും പിന്തുണ വേണമെന്നും ഗായകൻ കെ.ജെ.യേശുദാസിന് ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്നും എംപി ആവശ്യപ്പെട്ടു. നേരത്തെ ക്ഷേത്രപ്രവേശന വിഷയത്തിൽ സർക്കാരാണ് മുൻകൈയെടുക്കേണ്ടത് എന്ന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി അഭിപ്രായപ്പെട്ടിരുന്നു.ഇക്കാര്യത്തിൽ തന്ത്രി, പണ്ഡിത സമൂഹങ്ങളുമായി ആലോചിച്ച ശേഷം നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചിരുന്നു. ആചാരങ്ങൾ കാലഘട്ടത്തിന് അനുസരിച്ച് മാറുമെന്നും മാറ്റങ്ങൾ അറിഞ്ഞ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും വ്യക്തമാക്കിയ തന്ത്രി സർക്കാർ എടുക്കുന്ന തീരുമാനത്തോട് സഹകരിക്കാൻ തയാറാണെന്നും പറഞ്ഞു. ഇതിന് പിന്നാലെ വിഷയത്തിൽ തന്ത്രിയുടെ നിലപാടിനെ സ്വാഗതംചെയ്ത് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.