ഡല്‍ഹി : രാജ്യാന്തര ഫുട്‌ബോള്‍ താരം സി.കെ വിനീതിനെ അക്കൗണ്ടന്‍ര് ജനറല്‍ ഓഫീസിലെ ജോലിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ഏജീസ് ഓഫീസിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. വിഷയത്തില്‍ താന്‍ വിനീതിനൊപ്പമയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സി.കെ വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കി ഏജീസ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് മന്ത്രി വിനീതിന് പിന്തുണ പ്രഖ്യാപിച്ചത്. സംഭവത്തെക്കുറിച്ച് ആരാഞ്ഞ് ഏജീസ് ഓഫീസിന് കത്തയക്കുകയും ചെയ്തു.
രാജ്യത്തിനായി നേട്ടങ്ങള്‍ കൊണ്ടുവരുകയും നന്നായി കളിക്കുകയും ചെയ്യുന്ന താരങ്ങള്‍ക്ക് പരമാവധി ഇളവുകള്‍ നല്‍കണം. വിനീതിനെ തനിക്ക് സഹായിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
മതിയായ ഹാജര്‍ ഇല്ലെന്ന കാരണത്താലാണ് ദേശീയ ഫുട്‌ബോള്‍ താരവും മലയാളിയുമായ സികെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രി അടക്കമുള്ളവര്‍ സിഎജി ശശികാന്ത് ശര്‍മ്മയ്ക്ക് കത്തയച്ചെങ്കിലും നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു ഓഫീസ്.
2012 ലാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഏജീസ് ഓഫീസിലെ ഓഡിറ്ററായി വിനീത് ജോലിയില്‍ കയറുന്നത്. വിനീതിനെ ജോലിയില്‍ സ്ഥിരപ്പെടുത്താതെ പിരിച്ചുവിട്ടതായി ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ ഉത്തരവ് ബുധനാഴ്ച്ചയാണ് പുറത്തിറങ്ങിയത്. 2014 ല്‍ അവസാനിക്കേണ്ടിയിരുന്ന പ്രബേഷന്‍ കാലാവധി രണ്ട് വര്‍ഷത്തിലേറെ നീട്ടാന്‍ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.
വിനീതിനെ പിരിച്ചുവിട്ട നടപടി യുവകായിക താരങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണെന്നും ഇത് പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന യൂത്ത് കമ്മീഷന്‍ യൂത്ത് യുവജനകാര്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു.