വാഷിങ്ടന്‍: എച്ച് 1ബി വിസയുള്ളവരെ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോലി ചെയ്യുന്നവരുടെ ജീവിതപങ്കാളിക്കും യുഎസില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന നിയമം നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നതായാണ് സൂചന. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുവന്ന നിയമമാണ് റദ്ദാക്കാന്‍ നീക്കം നടക്കുന്നത്. ആയിരക്കണക്കിന് ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം.
എച്ച് 1ബി വിസ ഉടമകളുടെ നിര്‍ദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതകളുള്ള ജീവിതപങ്കാളിക്ക് എച്ച് 4 ആശ്രിതവിസയില്‍ ജോലി ചെയ്യാന്‍ 2015ല്‍ ഒബാമ ഭരണകൂടം കൊണ്ടുവന്ന നിയമത്തിലൂടെ സാധിക്കുമായിരുന്നു. 2016ല്‍ എച്ച് 4 ആശ്രിതവിസയുള്ള 41,000 പേര്‍ക്ക് യുഎസില്‍ ജോലിക്ക് അനുമതി നല്‍കിയിരുന്നു. ഈ വര്‍ഷം ജൂണ്‍വരെ 36,000 എച്ച് 4 വീസക്കാര്‍ക്കാണ് ജോലിക്ക് അനുമതി നല്‍കിയത്.
എച്ച് 1ബി വിസയിലൂടെ ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നും ഒട്ടേറെപ്പേരാണ് യുഎസില്‍ ജോലി ചെയ്യുന്നത്. അമേരിക്കന്‍ പൗരന്‍മാര്‍ക്ക് പ്രാഥമിക പരിഗണന നല്‍കുന്ന ട്രംപിന്റെ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. എച്ച് 1ബി, എല്‍1 വിസകള്‍ക്കു ശമ്പളപരിധി ഇരട്ടിയിലേറെയായി ഉയര്‍ത്തുന്നതിനു പുറമേ തൊഴില്‍വിസയിലെത്തുന്നവരുടെ പങ്കാളികള്‍ക്കും തൊഴില്‍ കാര്‍ഡുകള്‍ നല്‍കുന്നതും നിര്‍ത്തലാക്കി ട്രംപ് നേരത്തെ ഉത്തരവിട്ടിരുന്നു.
വിദേശ വിദ്യാര്‍ഥികള്‍ക്കു പഠനം പൂര്‍ത്തിയാക്കിയശേഷം തൊഴില്‍പരിശീലനത്തിനായി കൂടുതല്‍ കാലം യുഎസില്‍ ചെലവഴിക്കാനുള്ള അനുമതിയും റദ്ദാക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. ഐടി കമ്പനികള്‍ പ്രതിവര്‍ഷം പതിനായിരക്കണക്കിനു തൊഴിലാളികളെ നിയമിക്കാന്‍ ആശ്രയിക്കുന്നത് എച്ച്1ബി വിസകളാണ്. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ വിദേശ തൊഴിലാളികളെ നിശ്ചിതകാലത്തേക്കു നിയമിക്കാന്‍ അനുവദിക്കുന്നതാണു എച്ച് 1ബി വിസ.