ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ രേഖപ്പെടുത്തില്ല; പിതാവിന്‍റെ അപേക്ഷ സുപ്രീംകോടതി തള്ളി

ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയിൽ രേഖപ്പെടുത്തണമെന്ന പിതാവ് അശോകന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. പരസ്യമായി മൊഴി രേഖപ്പെടുത്തുന്നത് ഹാദിയയ്ക്ക് മാനസിക സമ്മര്‍ദമുണ്ടാക്കുമെന്ന് പറഞ്ഞാണ് മൊഴി അടച്ചിട്ട മുറിയില്‍ നിന്നെടുക്കണമെന്ന് അശോകന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഹാദിയയുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിൻ ജഹാൻ നൽകിയ ഹർജിയിലാണ് ഹാദിയയെ നേരിട്ടു ഹാജരാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടത്. മകളെ മതംമാറ്റിയതിന് പിന്നിൽ തീവ്രവാദ ഇടപെടലുകളുണ്ടെന്നും ഹാദിയയെ വിളിച്ചുവരുത്തുകയാണെങ്കിൽ തന്നെ രഹസ്യകോടതി നടപടി വേണമെന്ന അശോകന്‍റെ ആവശ്യവും സുപ്രീംകോടതി നേരത്തെ അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് അടച്ചിട്ട മുറിയില്‍ മകളുടെ മൊഴി രേഖപ്പെടുത്തണമെന്ന അശോകന്‍റെ ആവശ്യവും സുപ്രീംകോടതി തള്ളുന്നത്. നവംബര്‍ 27ന് വൈകീട്ട് മൂന്നു മണിക്കാണ് തുറന്ന കോടതിയിൽ ഹാദിയയെ ഹാജരാക്കണ്ടത്. അച്ഛൻ അശോകനാണ് ഹാദിയയെ കോടതിയിൽ ഹാജരാക്കേണ്ട ഉത്തരവാദിത്തം.

Top