വിവാഹ വെബ് സൈറ്റിലൂടെയാണ് ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന ഹാദിയയുടെ മൊഴി തെറ്റെന്ന് എന്‍ഐഎ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകയായിരുന്ന സൈനബയുടെ ഡ്രൈവറാണ് ഹാദിയയ്ക്ക് വിവാഹം കഴിക്കാനായി ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്നാണ് എന്‍.ഐ.എ. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഡ്രൈവറുടെ മൊഴി എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്. വിവാഹ വെബ് സൈറ്റിലൂടെയാണ് ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന ഹാദിയയുടെ മൊഴി തെറ്റാണെന്ന് സ്ഥാപിക്കുന്നതാണ് എന്‍ഐഎയുടെ പുതിയ കണ്ടെത്തല്‍. പുതിയ കണ്ടെത്തലുകളുമായി എന്‍ഐഎ ഉടനെ റിപ്പോര്‍ട്ട് നല്‍കിയേക്കും. ഹൈക്കോടതിയിലെ കേസില്‍ അനുകൂല ഉത്തരവ് ലഭിക്കാനാണ് ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹം പെട്ടെന്ന് നടത്തിയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഹൈക്കോടതിയിലെ കേസില്‍ അനുകൂല ഉത്തരവ് ലഭിക്കുന്നതിന് വിവാഹം മികച്ച ഘടകമായിരിക്കുമെന്ന് സൈനബയ്ക്ക് അറിയാമായിരുന്നു. ഇതിനായി ഒരു മുസ്ലിം യുവാവിനെ കണ്ടെത്താന്‍ സൈനബ ഡ്രൈവറോട് നിര്‍ദേശിക്കുകയായിരുന്നു. ആ സമയത്ത് ഗള്‍ഫില്‍ നിന്ന് ലീവില്‍ നാട്ടിലെത്തിയ ഷെഫിന്റെ കാര്യം ഡ്രൈവര്‍ സൈനബയോട് പറയുകയായിരുന്നു. ഷെഫിന്റെ കാര്യങ്ങള്‍ അറിഞ്ഞ ഉടനെ സൈനബ ഹാദിയയുടെ വിവാഹം തീരുമാനിക്കുകയായിരുന്നെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. വിവാഹം സംബന്ധിച്ച് ഡ്രൈവറുടെ മൊഴി വന്നതോടെ ഹാദിയ പറഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടും. ഹാദിയ പറഞ്ഞ വിവാഹ വെബ് സൈറ്റ് പണം നല്‍കുന്നവര്‍ക്കു മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് ഷെഫിന്‍ ഈ വെബ് സൈറ്റില്‍ അക്കൗണ്ട് തുടങ്ങിയതെന്നും എന്‍ഐഎ കണ്ടെത്തി.           ഹാദിയ കേസ് ഈ മാസം അവസാനത്തോടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് എന്‍ഐഎ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുന്നത്.

Top