സ്വന്തം ലേഖകൻ
ന്യൂഡൽഹി: പാക്കിസ്ഥാനുള്ളിലിരുന്ന് ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ തന്ത്രങ്ങൾ മെനയുകയും ആക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്യുന്ന ലഷ്‌കർ ഇ തോയ്ബ സ്ഥാപകനും ജമാ അത്ത് ഉദ്ദവ നേതാവുമായ ഹാഫിസ് സയിദിന്റെ തലയ്ക്ക് ഇന്ത്യ ലക്ഷങ്ങളാണ് വിലയിട്ടിരിക്കുന്നത്. എന്നാൽ, സയിദിനെ സംരക്ഷിക്കുന്ന നിലപാട് പാക്കിസ്ഥാൻ തുടരുന്നതോടെയാണ് ഇന്ത്യ സർജിക്കൽ സ്‌ട്രൈക്കിനു തയ്യാറെടുക്കുന്നത്.
പാക്കിസ്ഥാൻ സൈന്യത്തിന്റെ സുരക്ഷയിൽ ഇസ്ലാമബാദിലെ സുരക്ഷിത താവളത്തിലാണ് ഹാഫിസ് സയിദ്ദെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. ഇസ്ലാമബാദിലെ ഏത് നഗരത്തിലാണ് സയിദ്ദെന്നും, ഏതു രീതിയിലാണ് സയിദ്ദിനു സുരക്ഷ ഒരുക്കിയിരിക്കുന്നതെന്നും അടക്കമുള്ള വിവരങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കൃത്യമായി സൈന്യത്തിനു കൈമാറിയിട്ടുണ്ട്.
എന്നാൽ, പാക്കിസ്ഥാനിൽ കടന്നു കയറി, പാക്ക് സൈനികരെ വധിക്കേണ്ടി വന്നാൽ ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമായി മാറുമോ എന്നും, ഇത് മറ്റൊരു യുദ്ധത്തിനു വഴിതുറക്കുമോ എന്നും ഇന്ത്യ ഭയപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ കമാൻഡോ സംഘത്തിന്റെ സർജിക്കൽ സ്‌ട്രൈക്കിനുള്ള അനുമതി വൈകുന്നതെന്നാണ് സൂചന. ഇന്ത്യൻ സൈനികരെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തിൽ പാക്കിസ്ഥാൻ മാപ്പ് പറഞ്ഞില്ലെങ്കിൽ പാക്കിസ്ഥാന്റെ സംരക്ഷത്തിൽ കഴിയുന്ന സയിദ്ദിനെ ആക്രമിക്കുന്നതിനാണ് ഇന്ത്യ ഇപ്പോൾ പദ്ധതിയൊരുക്കിയിരിക്കുന്നത്.