ഇന്ത്യയിലല്ല, ഒരു ഈജിപ്ഷ്യന്‍ ടെലിവിഷന്‍ ഷോയുടെ ചിത്രീകരണത്തിനിടെയാണ് ഷാരൂഖ് നിയന്ത്രണംവിട്ട് അവതാരകനെ തല്ലാനോങ്ങുന്നത്. റമീസ് ഗലാല്‍ എന്ന ടെലിവിഷന്‍ അവതാരകന്റെ യുട്യൂബ് അക്കൗണ്ടുകളില്‍ നിന്നുതന്നെ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് ഇതിനകം 33 ലക്ഷത്തിലേറെ കാഴ്ചകള്‍ ലഭിച്ചിട്ടുണ്ട്.
ഒരു ഈജിപ്ഷ്യന്‍ ചാനലിലെ ‘റമീസ് അണ്ടര്‍ഗ്രൗണ്ട്’ എന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ദുബൈയിലുള്ള ഷാരൂഖ് ഒരു അഭിമുഖ ചിത്രീകരണത്തിനായി മരുഭൂമിയിലേക്കുള്ള യാത്രയിലായിരുന്നു. ഡ്രൈവര്‍ക്ക് ‘വഴിതെറ്റി’ മറ്റൊരു ദിശയില്‍ മുന്നോട്ടുനീങ്ങിയ വാഹനം മണല്‍ച്ചുഴിയില്‍ പെടുകയായിരുന്നു. ഒരു കൊമോഡോ ഡ്രാഗണ്‍ ഷാരൂഖിനും ഒപ്പമുള്ളവര്‍ക്കും നേര്‍ക്ക് അടുക്കുന്നതാണ് പിന്നാലെ വീഡിയോയില്‍. ഡ്രാഗണിന്റെ വേഷത്തില്‍ വന്നത് അവതാരകനായ റമീസ് ഗലാല്‍ തന്നെയാണെന്ന് അറിയുന്നതോടെയാണ് ഷാരൂഖിന്റെ നിയന്ത്രണം വിടുന്നത്. ഇത് അസംബന്ധവും കോമാളിത്തരവുമാണെന്നും ഇതിനാണോ തന്നെ ഇന്ത്യയില്‍ നിന്ന് വിളിച്ചുവരുത്തിയതെന്നും ഷാരൂഖ് ചോദിക്കുന്നു.
ചാനലുകള്‍ തമ്മിലുള്ള കിടമത്സരത്തിനിടെ റിയാലിറ്റി ഷോകളിലെ ‘റിയാലിറ്റി’ പലപ്പൊഴും ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് ഈ വീഡിയോയുടെ വിശ്വാസ്യതയെയും കാണികളില്‍ ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഷാരൂഖ് ഖാന്റെ രോഷപ്രകടനം വിശ്വസനീയമാണോ എന്നാണ് അവരുടെ ചോദ്യം. നേരത്തേ പാരീസ് ഹില്‍ട്ടണെയും അന്റോണിയോ ബണ്ടെറാസിനെയുമൊക്കെ ‘പറ്റിച്ചിട്ടുള്ള’ ആളാണ് റമീസ് ഗലാല്‍. വീഡിയോ യുട്യൂബില്‍ തരംഗം തീര്‍ത്തതിന് പിന്നാലെ ഷാരൂഖിനൊപ്പമുള്ള ഒരു സെല്‍ഫിയും ഗലാല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ആ ചിത്രം റിയാലിറ്റി ഷോ ചിത്രീകരണത്തിന് മുന്‍പാണോ അതോ ശേഷമെടുത്തതാണോ എന്ന് വ്യക്തമല്ല.