സ്വന്തം ലേഖകൻ
ന്യൂഡൽഹി: മുസ്ലീം വിരുദ്ധത കൂടുതൽ പ്രകടമാക്കി ബിജെപി – ആർഎസ്എസ് നയിക്കുന്ന മോദി സർക്കാർ. ഹജ് കർമ്മത്തിനു പോകുന്ന ഹാജിമാരെ തീവ്രവാദികൾക്കു തുല്യമായി പരിഗണിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഹജിനു പോകുന്നവർ ഇന്ത്യൻ കറൻസി വിദേശത്ത് എത്തിച്ചു കള്ളപ്പണം വെളുപ്പിക്കുകയാണെന്ന ഹൈന്ദവ സംഘടനകളുടെ ആരോപണം ഏറ്റു പിടിച്ച കേന്ദ്ര സർക്കാർ, ഹാജിമാർ രണ്ടായിരം രൂപയുടെ നോട്ട് കൊണ്ടു പോകുന്നത് പൂർണമായും നിരോധിച്ചു. ഇതോടൊപ്പം ഹജ് സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നതിനും പൂർണമായും നിയന്ത്രിക്കുന്നതിനും നീക്കം നടക്കുന്നുണ്ട്. ആർഎസ്എസിന്റെയും തീവ്ര ഹൈന്ദവ സംഘടനകളുടെയും നിലപാടാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ഏറ്റെടുത്തു നടപ്പാക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഹാജിമാർ രണ്ടായിരം രൂപ നോട്ട് കൈവശം വയ്ക്കരുതെന്നു കേന്ദ്ര ഹജ് കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം നിർദേശം നൽകിയത്. മുംബൈയിൽ കഴിഞ്ഞ ദിവസം സമാപിച്ച ഹജ്ജ് വളണ്ടിയർമാരുടെ പരിശീലന ക്ളാസിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് വിവിധ ഹജ്ജ് കമ്മറ്റികൾക്ക് സർക്കുലർ കൈമാറിയിട്ടുണ്ട്. രാജ്യത്തിന്റെ കറൻസി സുരക്ഷ മുൻനിർത്തിയാണ് പുതിയ നടപടിയെന്നാണ് പറയുന്നത്. വിദേശരാജ്യങ്ങളിൽ ഇന്ത്യൻ കറൻസി ലഭ്യമാക്കി വ്യാജനോട്ടു പുറത്തിറക്കുന്നത് തടയാനാണ് ഈ അസാധാരണ നടപടിയുടെ വിശദീകരണം. ഒരു തീർത്ഥാടകന് പരമാവധി ഇരുപത്തിഅയ്യായിരം രൂപയാണ് കൈവശം വെക്കാനുന്ന തുക.ഇതിൽ രണ്ടായിരത്തിന് മാത്രമാണ് വിലക്കുള്ളത്. പുതിയ അഞ്ചൂറ് രൂപനോട്ടുകൾ കൊണ്ടുപോവുന്നതിൽ പ്രശ്നമില്ല.
എന്നാൽ മറ്റുയാത്രക്കാർ 2000രൂപ നോട്ട് കൊണ്ടുപോകുന്നതിന് വിലക്കില്ല. ദിനപ്രതി നൂറുകണക്കിന് ഇന്ത്യക്കാർ ഇന്ന് സൗദിയടക്കമുള്ള രാജ്യങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നുണ്ട്. അവർക്കാർക്കും ഇല്ലാത്ത നോട്ടു വിലക്ക് ഹജ്ജ് യാത്രികരിൽ അടിച്ചേൽപ്പിച്ചത് ദുരുദ്ദേശ്യപരമാണെന്നാണ് ഒരു വിഭാഗം മുസ്ലിം സംഘടനകൾ ആരോപിക്കുന്നത്. സംഭവം വിവാദമായതോടെ കേന്ദ്രസർക്കാറിന്റെ നിർദ്ദേശം അനുസരിക്കുകമാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് ഹജ്ജ് കമ്മറ്റി അധികൃതർ നൽകുന്ന അനൗദ്യോഗി വിശദീകരണം.
ഹജ്ജ്യാത്രികർക്ക് 2000രൂപ വിലക്കിയത് ചില തെറ്റായ സന്ദേശങ്ങൾ നൽകുന്നുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ട്. ഹജ്ജ് ഒരു മറയാക്കി വൻ തോതിൽ ഇന്ത്യൻ കറൻസി സൗദിയിലേക്ക് കടത്തി, കള്ളനോട്ടിനായുള്ള ബ്ളൂപ്രിന്റാക്കി പാക്കിസ്ഥാനിലേക്ക് കടത്തുന്നുവെന്ന് തീവ്ര ഹിന്ദുത്വമുഖമുള്ള ചില വെബ് സൈറ്റുകൾ നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതരത്തിലാണ് പുതിയ തീരുമാനം. പക്ഷേ സൗദിയിൽ ഇങ്ങനെയൊരു നോട്ട് ശേഖരിക്കുന്ന കേന്ദ്രമുണ്ടെങ്കിൽ ജോലി ആവശ്യാർഥം മറ്റും അങ്ങോട്ട് പോവുന്ന മലയാളികൾ അടക്കമുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് എന്തുകൊണ്ട് നോട്ട് നിയന്ത്രണം ഏർപ്പെടുത്തുന്നില്ല എന്ന പ്രസക്തമായ ചോദ്യത്തിന് ആർക്കും മറുപടിയില്ല. മാത്രമല്ല ഹജജിനുപോവുന്നവർ കറൻസി വിമാനത്താവളത്തിൽ തന്നെ സൗദി റിയാൽ ആക്കി മാറ്റിയാണ് ഉപയോഗിക്കുന്നത്.അതുകൊണ്ടുതന്നെ രാജ്യത്തിന്റെ കറൻസി സുരക്ഷയെന്ന വാദമൊന്നും നിലനിൽക്കുന്നില്ല.അപ്പോൾ പിന്നെ ഹജ്ജ്യാത്രികരെ അപമാനിക്കാനും സംശയത്തിന്റെ മുനയിൽ നിർത്തുവാനുമാണ് ഈ പരിപാടിയെന്ന് പല മുസ്ലിം ആക്റ്റീവിസ്ററുകളും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തായാലും ഹജ്ജ് സബ്സിഡി വിവാദംപോലെ തന്നെ ഈ വിഷയവും വരും ദിനങ്ങളിൽ കൊഴുക്കുമെന്ന് ചുരുക്കം.ഹജ്ജ് സബ്സിഡി നിർത്തലാക്കാണമെന്ന സംഘപരിവാർ ശക്തമായ കാമ്പയിൻ നടത്തി വരികയാണ്. അതിനിടെ മന്ത്രി കെ.ടി ജലീലിനെപ്പോലുള്ളവരും ഈ അഭിപ്രായത്തോട് യോജിച്ചിരുന്നു.
സമുദായനേതാക്കൾ യോഗം ചേർന്ന് ഹജ്ജ് സബ്സിഡി വേണ്ടെന്ന് വെക്കേണ്ട കാലം അതിക്രമിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെതന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതിനെ തുടർന്ന് ചില മുസ്ലിം സംഘടനകൾ ജലീലിനെതിരെ തിരഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തന്റെ അഭിപ്രായത്തിൽ യാതൊരുമാറ്റവും വന്നിട്ടില്ളെന്നാണ് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയത്. സബ്സിഡിയുടെ കാര്യത്തിൽ വാശിപ്പുറത്ത് അഭിപ്രായപ്രകടനം നടത്തേണ്ടകാര്യമില്ല. ഹജ്ജ് സബ്സിഡി പൂർണമായും നിർത്തലാക്കുന്നതിന് മുമ്പായി വേണ്ടെന്നുവെക്കുന്നതടക്കമുള്ള തീരുമാനത്തിലേക്ക് പോകണമെന്നും മന്ത്രി ജലീൽ നേരത്തെ കോഴിക്കോട്ട് വെച്ച് പറഞ്ഞിരുന്നു.
ഹജ്ജ് സബ്സിഡി വിഷയത്തിൽ മുസ്ലിം സമുദായത്തിലെ പണ്ഡിതരിൽതന്നെ രണ്ടഭിപ്രായമുണ്ട്. വേണ്ടെന്നുവെക്കണമെന്നതാണ് ഭൂരിപക്ഷാഭിപ്രായം.
ഏതെങ്കിലുമൊരു വ്യക്തിയുടെ തെറ്റായമാർഗത്തിലൂടെയുള്ള പണം മഹത്തായ ഹജ്ജ് കർമത്തിൽ ഉൾപ്പെടരുതെന്ന മുൻകരുതലാണ് ഇത്തരമൊരു പരാമർശത്തിന് പിന്നിൽ. ഓരോ വർഷവും ഹജ്ജ് സബ്സിഡി കുറഞ്ഞുവരുകയാണെന്നും 2022 ആകുമ്പോഴേക്ക് പൂർണമായും നിർത്തലാകുമെന്നും എം.ഇ.എസ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് കെ.ടി ജലീൽ വ്യക്മാക്കിയിരുന്നു.