കോട്ടയം: അരലക്ഷം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി പാലക്കാട് സ്വദേശിയെ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം പിടികൂടി. പാലക്കാട് മലമ്പുഴ മുതലമട പുളിയന്തോണി വീട് ഗോപിനാഥി (44)നെയാണ് വെസ്റ്റ് സിഐ ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കുടയംപടിയിലെ കടയിലേയ്ക്കു വിതരണം ചെയ്യാനുള്ള അഞ്ഞൂറു പാക്കറ്റ് നിരോധിത ഉത്പന്നങ്ങളുമായി പോയ ഇയാളെ പിടികൂടിയ ശേഷം, റയില്‍വേ സ്റ്റേഷനു സമീപത്തെ താമസ സ്ഥലത്തു തിരച്ചില്‍ നടത്തിയപ്പോഴാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
റയല്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ചു ജില്ലയിലെ വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്നതായി ജില്ലാ പൊലീസ് മേധാവി എസ്.സതീഷ് ബിനോയ്ക്കു സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നു ഡിവൈഎസ്പി എസ്.സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ദിവസങ്ങളായി വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിവരികയായിരുന്നു. ഇന്നലെ വെസ്റ്റ് എസ്ഐ ടി.ആര് ജിജു, ഷാഡോ പൊലീസ് സംഘാംഗങ്ങളായ എസ്ഐ ഡി.സി വര്‍ഗീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.എന്‍ മനോജ്, ഐ.സജികുമാര്‍, ബിജുമോന് നായര്‍, ഷിബുക്കുട്ടന് എന്നിവര്‍ ചേര്‍ന്നു വാരിശേരിയില്‍ വച്ചു നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്നു സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തതോടെയാണ് റയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന വന്‍ നിരോധിത പുകയില ഉത്പന്ന ശേഖരം കണ്ടെത്തിയത്. അഞ്ചു ചാക്കുകളിലായി മുറിക്കുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവയെന്നു പൊലീസ് പറഞ്ഞു.
തമിഴ്നാട്ടില്‍ നിന്നും, ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ട്രെയിന്‍മാര്‍ഗം റയില്‍വേ സ്റ്റേഷനില്‍ എത്തിക്കുന്ന ഉത്പന്നങ്ങള്‍ 40 രൂപ നിരക്കിലാണ് ഇയാള്‍ വിറ്റിരുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ പാലക്കാട്ടെ വീട് ഉപേക്ഷിച്ച ഇയാള്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നു. അസമ്ിലും ഹിമാചല്‍പ്രദേശിലും വര്‍ഷങ്ങളോളം കഴിഞ്ഞിരുന്ന ഇയാള്‍ ഇവിടെ നിന്നാണ് വിവാഹം കഴിച്ചിരിക്കുന്നതും. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ ജില്ലയിലേയ്ക്കു നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിച്ചിരുന്നത്. മൂന്നു മുതല്‍ അഞ്ചു രൂപയ്ക്കാണ് ഇയാള്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ ഇയാള്‍ക്കു ലഭിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ ഇയാള്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തുന്ന നൂറിലേറെ കടകളുടെ പേരും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇയാളുടെ ഡയറിയില്‍ നിന്നു ലഭിച്ച പേരുകളുടെ അടിസ്ഥാനത്തില്‍ ഈ കടകളില്‍ തിരച്ചില്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു.