
കൊച്ചി: പകുതി വില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റിൻ്റെ വീട്ടിൽ ഇ ഡി റെയ്ഡ്. തട്ടിപ്പ് കേസിലെ പ്രധാനസൂത്രധാരനെന്ന് സംശയിക്കുന്ന ആനന്ദകുമാറിൻ്റെ വീട്ടിലും ആനന്ദകുമാറിൻ്റെ ഭാരവാഹിത്വത്തിൽ ഉള്ള തോന്നയ്ക്കൽ സായിഗ്രാമത്തിലും റെയ്ഡ് നടക്കുന്നുണ്ട്. അനന്തുകൃഷ്ണന്റെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്‌ഡും നടക്കുന്നു .
സംസ്ഥാന വ്യാപകമായി പാതിവില തട്ടിപ്പിൽ ഇ ഡി റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തിലാണിത്. ഇയാൾക്കെതിരെ ഏറ്റവും കൂടുതൽ തെളിവുകൾ ഉണ്ടെന്ന് അന്വേഷണസംഘം വിലയിരുത്തുന്ന കടവന്ത്രയിലെ സോഷ്യൽ ബി വെൻഞ്ചേസ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടക്കുന്നത്. വാറണ്ടുമായി ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നതിനാൽ ഇവിടെ നിന്നും ഇഡി പിൻവാങ്ങി. കടവന്ത്രയിലെ ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ ഉണ്ടെന്നും പരിശോധന പൂർത്തിയാകാൻ സമയമെടുക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.നേരത്തെ കേസിൽ ഇ ഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇ ഡിയുടെ കൊച്ചി ഓഫീസാണ് റെയ്ഡ് നടത്തുന്നത്.
നേരത്തെ ലാലി വിൻസെൻ്റിനെ പകുതിവില തട്ടിപ്പ് കേസിൽ പൊലീസ് പ്രതിചേർത്തിരുന്നു. കണ്ണൂർ ടൗൺ പൊലീസ് എടുത്ത കേസിൽ ലാലി വിൻസെൻ്റ് ഏഴാം പ്രതിയാണ്. ഈ കേസിൽ ലാലി വിൻസെന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ലാലി വിൻസെൻ്റിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. ലാലി വിൻസെന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
അനന്തു കൃഷ്ണന്റെ സ്ഥാപനത്തിൽ നിന്ന് താൻ 40 ലക്ഷം രൂപ വക്കീൽ ഫീസായി കൈപ്പറ്റിയിരുന്നുവെന്നും തട്ടിപ്പിൽ പങ്കില്ലെന്നും ലാലി വിൻസെന്റ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു. നിയമോപദേശത്തിനായാണ് പണം കൈപ്പറ്റിയത്. മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നുമായിരുന്നു ലാലി വിൻസെൻ്റ് പറഞ്ഞത്. അനന്തു കൃഷ്ണനെ പരിചയപ്പെടുത്തിയത് ലാലി വിൻസെന്റ് ആണെന്ന എൻജിഒ കോൺഫെഡറേഷന്റെ ചുമതലയുണ്ടായിരുന്ന ആനന്ദകുമാറിനെ വാദവും ലാലി തള്ളിയിരുന്നു.