സ്വന്തം ലേഖകൻ
ലണ്ടൻ: വിമാനം പറന്നുരാനുള്ള ഇടവേളയിൽ വിമാനത്തിന്റെ ബാത്‌റൂം ഉപയോഗിച്ച കറുത്ത വർഗക്കാരനും ഡിജെയും കവിയുമായ യാത്രക്കാരനെ വിമാനത്തിൽ നിന്നും പുറത്തേയ്‌ക്കെറിഞ്ഞു. വിമാനം പുറപ്പെടുന്നതിനു മുൻപു വാണിങ്ങിനായി നൽകിയ അരമണിക്കൂർ സമയത്തിനിടെ ബാത്ത് റൂമിൽ പോയതിനാണ് കവിയും ഡിജെയുമായ കിമ ഹാമിൽടണി(39)നെ വിമാനത്തിൽ നിന്നും വലിച്ചു പുറത്തിട്ടത്
ഡെൽറ്റാ എയർലൈൻ സർവീസിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവങ്ങൾ. അറ്റ്‌ലാൻഡ വിമാനത്താവളത്തിൽ നിന്നും മിൽവാക്കിലേയ്ക്കു പോകാനിറങ്ങിയതായിരുന്നു കിമ ഹാമിൽടൺ. വിമാനത്തിനുള്ളിൽ കയറിയപ്പോഴാണ് കിമയ്ക്കു ബാത്ത്‌റൂമിൽ പോകണമെന്നു തോന്നിയത്. വിമാനം പുറപ്പെട്ട ശേഷം ബാത്‌റൂമിൽ പോകാമെന്നു ആദ്യം ഇദ്ദേഹം കരുതി.
എന്നാൽ, എയർട്രാഫിക് കൺട്രോളിൽ നിന്നുള്ള നിർദേശം വൈകിയതിനാൽ അരമണിക്കൂറിലേറെ വൈകിയാണ് വിമാനം പുറപ്പെടാൻ തയ്യാറെടുത്തത്. ഇതിനിടെ സഹിക്കവയ്യാതെ കിമ ബാത്ത്‌റൂമിലേയ്ക്കു പോകാനായി എഴുന്നേൽക്കുകയായിരുന്നു.
ഇതിനിടെ കിമയുടെ അടുത്തെത്തിയ വിമാനത്തിലെ ജീവനക്കാരൻ സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, അത്യാവശ്യമായി ബാത്ത്‌റൂമിൽ പോകണമെന്നു കിമ അഭ്യർഥിച്ചെങ്കിലും ഇവർ ചെവി്‌ക്കൊണ്ടില്ല. തീവ്രവാദിയാണെന്നു അക്രോശിച്ച് കിമയെ ഇവർ ചേർന്ന് വിമാനത്തിൽ നിന്നു പിടിച്ചു പുറത്തിറക്കുകയായിരുന്നു. അരമണിക്കൂർ നീണ്ട നാടകീയ രംഗങ്ങൾക്കൊടിവിലാണ് ഇയാളെ ജീവനക്കാർ ചേർന്നു വിമാനത്തിൽ നിന്നു പുറത്തിറക്കി വിട്ടത്. നാടകീയമായ രംഗങ്ങൾ മുഴുവനും വിമാനത്തിലെ സഹയാത്രക്കാർ പകർത്തി സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിട്ടുണ്ട്.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രോട്ടോക്കോൾ ലംഘിച്ചതോടെയാണ് യാത്രക്കാരനെ പുറത്താക്കിയതെന്ന വാദവുമായി ഡെൽറ്റാ എയർലൈൻ സർവീസ് അധികൃതർ രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടെ വിമാനത്തിൽ നിന്നും പുറത്താക്കപ്പെട്ട യാത്രക്കാരൻ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.