ഹനുമന്തപ്പയുടെ ജീവനായി പ്രാര്‍ഥനയോടെ ഇന്ത്യ,അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമെന്ന് ഡോക്ടര്‍മാര്‍.

ന്യൂഡല്‍ഹി: സിയാച്ചിനില്‍ ഇടിഞ്ഞുവീണ മഞ്ഞുമലയ്‌ക്കടിയില്‍ ആറു ദിവസം മരണത്തോടു പൊരുതിയ സൈനികന്‍ ഹനുമന്തപ്പ കൊപ്പഡിന്റെ ആരോഗ്യനില അതീവ ഗുരുതരം. അടുത്ത 48 മണിക്കൂറുകള്‍ നിര്‍ണായകമെന്നു ഡോക്‌ടര്‍മാര്‍.
രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ഥനകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനില്‍ കഴിഞ്ഞ മൂന്നിനുണ്ടായ മഞ്ഞിടിച്ചിലിലാണ്‌ ലാന്‍സ്‌ നായിക്‌ ഹനുമന്തപ്പയെ മദ്രാസ്‌ റെജിമെന്റിലെ ഒന്‍പതു സഹപ്രവര്‍ത്തകര്‍ക്കൊപ്പം കാണാതായത്‌. പത്തു പേര്‍ക്കും ശ്രദ്ധാഞ്‌ജലി അര്‍പ്പിച്ചശേഷവും സൈനികര്‍ അക്ഷീണം തെരച്ചില്‍ തുടരുകയായിരുന്നു.
ഞായറാഴ്‌ച രാത്രിയോടെ മഞ്ഞുമലയിലെ 25 അടി താഴ്‌ചയില്‍, മൈനസ്‌ 40 ഡിഗ്രി താപനിലയില്‍ ജീവന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്‌ രക്ഷാപ്രവര്‍ത്തകരെപ്പോലും അത്ഭുതപ്പെടുത്തി. ജീവവായു പോലും പരിമിതമായ ചുറ്റുപാടില്‍ ആറു ദിവസം പൊരുതിനിന്ന ഹനുമന്തപ്പ അതീവ ഗുരുതര നിലയിലെങ്കിലും ബോധാവസ്‌ഥയിലായിരുന്നു. ഹെലികോപ്‌ടറില്‍ സിയാച്ചിന്‍ ബേസ്‌ ക്യാമ്പിലും വിമാന ആംബുലന്‍സില്‍ ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ്‌ റഫറല്‍ ആശുപത്രിയിലും എത്തിച്ചു.
ഹനുമന്തപ്പ ഇപ്പോള്‍ അബോധാവസ്‌ഥയിലാണെന്നും വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം തീര്‍ത്തും മോശമാണെന്നും ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മഞ്ഞ്‌ വസ്‌ത്രത്തിനുള്ളിലേക്കു കടക്കാതിരുന്നതു ഭാഗ്യമായി. കര്‍ണാടകയിലെ ധാര്‍വാഡ്‌ സ്വദേശിയാണ്‌ ഹനുമന്ത.ഹനുമന്തപ്പയുടെ സഹനശക്‌തിയെയും അജയ്യമായ വീര്യത്തെയും വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നു ട്വിറ്ററില്‍ കുറിച്ച ശേഷമാണ്‌ പ്രധാനമന്ത്രി ആശുപത്രിയിലെത്തിയത്‌. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്‌ സുഹാഗും ആശുപത്രിയില്‍ എത്തി.തീവ്രപരിചരണ വിഭാഗത്തില്‍ ഹനുമന്തപ്പയുടെ ജീവന്‍ നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ്‌ വിദഗ്‌ധ ഡോക്‌ടര്‍മാര്‍. അതിനിടെ, ചിരഞ്‌ജീവിയായ ഹനുമാന്‍ സ്വാമിയുടെ പേരുള്ള ഹനുമന്തപ്പ ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കുടുംബം ഡല്‍ഹിയിലേക്കു തിരിച്ചു.മഞ്ഞിടിച്ചിലില്‍ അകപ്പെട്ട അഞ്ചു സൈനികരുടെ മൃതദേഹം ഇതുവരെ കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്‌. കൊല്ലം സ്വദേശിയായ ലാന്‍സ്‌ നായിക്‌ ബി. സുധീഷിനെയും മഞ്ഞിടിച്ചിലില്‍ കാണാതായിരുന്നു. ഒരു കിലോമീറ്റര്‍ വീതിയും 600 മീറ്റര്‍ ഉയരവുമുള്ള മഞ്ഞുപാളിയാണ്‌ സൈനിക പോസ്‌റ്റിനു മുകളിലേക്കു പതിച്ചത്‌.
1984-ല്‍ ഓപ്പറേഷന്‍ മേഘ്‌ദൂത്‌ എന്ന സൈനിക നടപടിയിലൂടെയാണ്‌ ഇന്ത്യ സിയാച്ചിന്റെ നിയന്ത്രണം സ്വന്തമാക്കിയത്‌.

Top