സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന അമ്മയെക്കുറിച്ച് ചിന്തിക്കേണ്ട ദിനമാണ് മാതൃദിനം. എല്ലാവര്‍ഷവും മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. പുരാതന ഗ്രീസിലെ ഒരു സ്കൂളാണ് അമ്മമാരെ ആദരിക്കുന്ന ആചാരം തുടങ്ങിവച്ചത്. ഈ ദിവസം കുട്ടികള്‍ കാര്‍ഡുകള്‍, പൂക്കള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ അമ്മമാര്‍ക്ക് സമ്മാനിക്കും. എന്നാല്‍ മദേഴ്സ് ഡേ ആഘോഷിക്കുന്നതിന്‍റെ തുടക്കത്തെക്കുറിച്ച് പല കഥകളാണ്.മാതൃത്വത്തിന്‍റെ മഹനീയ ഭാവമായ അമ്മ എന്ന വാക്കിന്‍റെ മഹത്വം വിളിച്ചോതുന്ന ദിനം.
ഏഷ്യാ മൈനറില്‍ ദൈവങ്ങളുടെ മാതാവായ സൈബബെലയെയും ക്രോണസിന്‍റെ ഭാര്യയായ റിയയെയും ആരാധിച്ചുകൊണ്ട് മാതൃ ആരാധനയെന്ന ഉത്സവം നടത്തിയിരുന്നു. ഈ ആചാരം ലോകമെങ്ങും വ്യാപിച്ചതയാണ് കരുതപ്പെടുന്നത്. 1600 കളില്‍ ബ്രിട്ടനില്‍ മദറിംഗ് സണ്‍ഡേ ഏപ്രില്‍ മാസങ്ങളിലായി ആചരിച്ചിരുന്നു. നൂറു കണക്കിന് വര്‍ഷങ്ങളായി ഇത് ആഘോഷിച്ചു വരുന്നുവെന്നല്ലാതെ ഇതിന്‍റെ ഉത്ഭവത്തെക്കുറിച്ച് അറിവില്ല.
മാതൃത്വത്തിന്‍റെ മഹനീയ ഭാവമാണ് അമ്മ. ജീവിതത്തില്‍ കരുത്തും വെളിച്ചവുമായി നില്‍ക്കുന്ന അമ്മമാരോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്ന ഈ ദിനം വ്യത്യസ്തമായി ആഘോഷിക്കുകയാണ് ഇപ്പോള്‍. ഈ ദിനത്തില്‍ എന്ത് സമ്മാനം അമ്മയ്ക്ക് നല്‍കുമെന്ന് പലരും ചിന്തിക്കാറുണ്ട്. കാരണം സമ്മാനങ്ങള്‍ നമ്മുടെ സ്നേഹത്തെ അടയാളപ്പെടുത്തുകയാണ്. അതുകൊണ്ട് തന്നെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത മാതൃ സ്നേഹത്തെ ഒരു സമ്മാനം കൊണ്ട് ചുരുക്കാന്‍ കഴിയില്ല. നമ്മുടെ സ്നേഹം ചെറിയൊരു സമ്മാനമായി ആ അമ്മയ്ക്ക് നല്‍കിയാല്‍ അതവരുടെ മനം നിറയ്ക്കും. ഞാന്‍ അമ്മയെ സ്നേഹിക്കുന്നുവെന്ന് എത്രപേര്‍ അമ്മയോട് പറഞ്ഞിട്ടുണ്ട്.
അങ്ങനെ തുറന്നു പറഞ്ഞു തന്റെ സ്നേഹം അമ്മമാരെ അറിയിക്കാന്‍ ഒരു ദിനം. മാതൃദിനത്തില്‍ നമ്മള്‍ ഒരു സമ്മാനം നല്‍കിയാല്‍ തീര്‍ച്ചയായും അമ്മയുടെ ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ഒന്നായിരിക്കുമെന്നതില്‍ സംശയം വേണ്ട. പക്ഷേ അമ്മയ്ക്ക് ഞാനെന്ത് സമ്മാനമാണ് നല്‍കുക. പലരും ചിന്തിക്കുന്നത് ഇതായിരിക്കും. ഒന്നല്ല ഒരായിരം സമ്മാനങ്ങള്‍ നല്‍കാം. വലിയ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വേണമെന്നല്ല. എന്നും രാവിലെ നമുക്ക് ചായ കൊണ്ട് തന്നു സ്നേഹത്തോടെ വിളിച്ചുണര്‍ത്തുന്ന അമ്മയെ ഇനി ചൂട് ചായ യുമായി എത്തി നമ്മള്‍ വിളിച്ചുണര്‍ത്തിയാലോ.. ചായയ്ക്കൊപ്പം കവിളത്ത് ഒരു ഉമ്മ നല്‍കി മാതൃദിന ആശംസ കൂടി നേര്‍ന്നാലോ. തീര്‍ച്ചയായും അതില്‍ കവിഞ്ഞൊരു മാതൃദിന സമ്മാനം മറ്റൊന്നും തന്നെ ഉണ്ടാവില്ല.
അമ്മയ്ക്കായി ഒരു കത്തെഴുതി അത് മാതൃദിനത്തില്‍ നല്‍കി നോക്കൂ. ഉള്ളില്‍ തോന്നുന്ന എന്തും എഴുതൂ. അപ്പോള്‍ പേപ്പറില്‍ തെളിയുന്നത് വാക്കുകളായിരിക്കില്ല. സ്നേഹം തുളുമ്ബി നില്‍ക്കുന്ന സ്വന്തം അമ്മയുടെ മുഖമായിരിക്കും. അതിലെ ഓരോ വാക്കും വായിക്കുമ്ബോള്‍ നിങ്ങള്‍ എത്രമാത്രം അമ്മയെ സ്നേഹിക്കുന്നു എന്നുള്ളത് അമ്മ മനസ്സിലാക്കും. അമ്മ നിധി പോലെ കാത്തു സൂക്ഷിക്കുന്നവയില്‍ ഈ കത്തും ഇടം നേടും. കത്തുപോലെ തന്നെ പ്രധാനമായ മറ്റൊരു സമ്മാനമാണ് പൂക്കള്‍. നിറഞ്ഞ പുഞ്ചിരിയോടെ കുറച്ചു പൂക്കള്‍ കവിളത്ത് ഒരു ഉമ്മയോടൊപ്പം അമ്മയ്ക്ക് സമ്മാനിക്കൂ..