ജഗതി ശ്രീകുമാറിന് ഓണക്കോടിയുമായി എം.എം ഹസ്സന്‍

തിരുവനന്തപുരം: ചികില്‍സ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന സിനിമാനടന്‍ ജഗതി ശ്രീകുമാറിനും കുടുംബത്തിനും ഓണക്കോടിയുമായി ജനശ്രീ ചെയര്‍മാന്‍ എം.എം ഹസ്സന്റെ നേതൃത്വത്തില്‍ അയല്‍ക്കാര്‍ വീട്ടിലെത്തി. തിരുവനന്തപുരത്ത് ജഗതി ശ്രീകുമാറിന്റെ കുടുംബവീടായ ഈശ്വരവിലാസം റോഡില്‍ താമസിക്കുന്നവരാണ് കുടുംബസമേതം പേയാട്ടുള്ള ജഗതിയുടെ വീട്ടില്‍ ഓണക്കോടിയുമായി എത്തിയത്. ഇന്നലെ രാവിലെ പത്തുമണിയോടെ വീട്ടിലെത്തിയ പഴയ അയല്‍ക്കാരെ നിറചിരിയുമായാണ് ജഗതി ശ്രീകുമാര്‍ സ്വീകരിച്ചത്. സഹപാഠിയും സുഹൃത്തുമായ എം.എം ഹസ്സനെ ജഗതി ശ്രീകുമാര്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. അപകടത്തെ തുടര്‍ന്ന് വലതുകൈ തളര്‍ന്നു കിടക്കുന്നതിനാല്‍ ഇടതുകൈനീട്ടി ജഗതി അയല്‍വാസികള്‍ക്ക് ഹസ്തദാനവും നല്‍കി. 
അടുത്തിടെ ജഗതിയില്‍ ജനശ്രീ ആരംഭിച്ച ജൈവ പച്ചക്കറി സ്റ്റാളില്‍ നിന്നുള്ള വിഷമയമില്ലാത്ത പച്ചക്കറികളും ജഗതി ശ്രീകുമാറിന് നല്‍കാനായി എം.എം ഹസ്സന്‍ കയ്യില്‍ കരുതിയിരുന്നു. ജഗതിയുടെ ഭാര്യ ശോഭാ ശ്രീകുമാര്‍ പഴയ അയല്‍ക്കാര്‍ക്ക് ആദ്യം ഓറഞ്ച് ജ്യൂസ് വിളമ്പി. പിന്നെ ഉച്ചഭക്ഷണത്തിനുള്ള ക്ഷണവും. എന്നാല്‍ അതിഥികള്‍ സ്‌നേഹത്തോടെ ഉച്ചഭക്ഷണത്തിനുള്ള ക്ഷണം നിരസിച്ചു. ജഗതി ശ്രീകുമാറുമായി സംസാരിക്കാനാണ് അവര്‍ ഏറെ സമയം ചെലവഴിച്ചത്. ഹസ്സന്‍ പഴയ ഓണക്കാലത്തെക്കുറിച്ച് ജഗതി ശ്രീകുമാറിനെ പലകുറി ഓര്‍മ്മിപ്പിച്ചു. തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും എല്ലാം ഓര്‍മ്മയുള്ളതുപോലെ ജഗതി തലയാട്ടി. അടുത്ത വര്‍ഷത്തെ ഓണത്തിന് നമുക്ക് ഒരുമിച്ച് ഓണസദ്യ ഉണ്ണനാകുമെന്നാണ് പ്രതീക്ഷയെന്ന് ഹസ്സന്‍ പറഞ്ഞപ്പോള്‍ ജഗതിയുടെ കണ്ണില്‍ പ്രതീക്ഷയുടെ തിളക്കം കണ്ടു. 
ഈ ഓണക്കാലത്ത് അച്ഛന് കിട്ടിയ ഏറ്റവും നല്ല നിമിഷങ്ങളാണിതെന്ന് മകള്‍ പാര്‍വതി പ്രതികരിച്ചു. പഴയ അയല്‍ക്കാരെ കണ്ടപ്പോഴുള്ള അച്ഛന്റെ മുഖത്തെ ഭാവമാറ്റത്തിലൂടെ അത് വ്യക്തമാണെന്നും മകള്‍ പറഞ്ഞു. ഈശ്വരവിലാസം റോഡിലെ പത്തുകുടുംബങ്ങളുടെ ജനശ്രീ കൂട്ടായ്മയാണ് ജഗതിക്ക് ഓണക്കോടി സമ്മാനിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. എം.എം ഹസ്സന്റെ ഭാര്യ എ.കെ റഹിയ, പണിക്കര്‍, വിജയന്‍, ജിയാസ്, ഗോപകുമാര്‍, ജഗതിയുടെ ബന്ധു കൂടിയാ ദിലീപ് എന്നിവരും അവരുടെ കുടുംബാംഗങ്ങളും ജഗതിയുടെ വീട്ടിലെത്തിയിരുന്നു. 
Top