ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാജി വിരമിച്ചു. പ്രൊഫഷണൽ ക്രിക്കറ്റിൽ 23 വർഷം പൂർത്തിയാക്കിയതിനു ശേഷമാണ് ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് വിരമിക്കൽ പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് ഹർഭജൻ തീരുമാനം അറിയിച്ചത്.
‘എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടാകും. ജീവിതത്തിൽ എനിക്കു എല്ലാം നേടിത്തന്ന ക്രിക്കറ്റിനോട് ഞാൻ വിട പറയുകയാണ്. 23 വർഷത്തെ കരിയർ മനോഹരവും അനുസ്മരണീയവുമാക്കിയ എല്ലവർക്കും ഞാൻ നന്ദി പറയുന്നു. എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു.’ ഹർഭജൻ ട്വീറ്റ് ചെയ്തു.
1998ലാണ് ഹർഭജൻ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ്, ഏകദിന അരങ്ങേറ്റങ്ങൾ അക്കൊല്ലം തന്നെ നടന്നു. 2006ൽ ടി20 അരങ്ങേറ്റവും നടന്നു. 367 അന്താരാഷ്ട്ര മത്സരങ്ങളും, 334 ലിസ്റ്റ് എ മത്സരങ്ങളും, 198 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ഹർഭജൻ കരുത്ത് കാട്ടി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 711 വിക്കറ്റുകൾ നേടിയിട്ടുള്ള ഭാജി 2007 ലെ ടി20 ലോകകപ്പും, 2011 ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലംഗമായിരുന്നു. 2016ലാണ് ഹർഭജൻ അവസാനമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. താരം 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.