തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിയ്ക്ക് പോക്‌സോ കോടതിയുടെ വിമര്‍ശനം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള യുവതിയുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം.അനാവശ്യ ഹര്‍ജി നല്‍കി സമയം പാഴാക്കരുതെന്ന് കോടതി പെണ്‍കുട്ടിക്ക് മുന്നറിയിപ്പ് നല്‍കി. സിബിഐ അന്വേഷണം എന്നത് ഈ കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും പോക്‌സോ ജഡ്ജി വ്യക്തമാക്കി.അനാവശ്യ വിഷയങ്ങള്‍ ഉന്നയിച്ച് കോടതിയുടെ വിലപ്പെട്ട സമയം കളയരുത്. ഹര്‍ജിയുടെ നിയമസാധുത പോലും മനസ്സിലാക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് വിമര്‍ശനം ഉന്നയിച്ചത്. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പോക്‌സോ കോടതിയിലാണ് പെണ്‍കുട്ടി ഹര്‍ജി നല്‍കിയിരുന്നത്. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാന്‍ പോക്‌സോ കോടതിക്ക് അധികാരമില്ലെന്നും നിയമപരമായ സാധുത ഇല്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിയില്‍ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും.
പോലീസ് അന്വേഷണത്തില്‍ വിശാസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. പല മൊഴിയും പോലീസ് നിര്‍ബന്ധിച്ച് രേഖപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു.ത്തെ താനല്ല സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പെണ്‍കുട്ടി പറയുന്ന ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും സ്വാമിയുടെ ജനനേന്ദ്രിയം മുറിയുമെന്ന് കരുതിയല്ല കത്തി വീശിയതെന്നും ശബ്ദരേഖയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ യുവതിക്കെതിരെ പ്രത്യേക കേസെടുക്കേണ്ടെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. അതിനിടെ, പെണ്‍കുട്ടി തുടര്‍ച്ചയായി മൊഴിമാറ്റുന്ന സാഹചര്യത്തില്‍ നുണ പരിശോധന വേണമെന്നും ബ്രെയിന്‍ മാപ്പിംഗ് വേണമെന്നുമുള്ള പോലീസിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി അംഗീകരിച്ചിരുന്നു.