തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫിസിന്റെ മറവില്‍ നടന്ന നിയമന തട്ടിപ്പില്‍ പ്രതികളായ ബാസിത്തും ഹരിദാസും സി.പി.ഐ എം.എല്‍.എ വി.ആര്‍ സുനില്‍കുമാറിന്റെ വസതിയില്‍ തങ്ങിയെന്ന് വെളിപ്പെടുത്തല്‍. ഇവര്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് സുനില്‍കുമാറിന്റെ എം.എല്‍.എ ഹോസ്റ്റലിലുള്ള മുറിയില്‍ ഇവര്‍ താമസിച്ചത്. ബാസിത്ത് ആണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്.
കഴിഞ്ഞ ഏപ്രില്‍ 10, 11 തിയതികളിലാണ് ആരോഗ്യമന്ത്രിയുടെ പി.എയെ നേരില്‍കണ്ട് നിയമനം ശരിയാക്കാമെന്ന വാഗ്ദാനവുമായി ബാസിത്ത് ഹരിദാസനുമായി തിരുവനന്തപുരത്ത് എത്തിയത്. ഈ ദിവസമാണ് ഇവര്‍ എം.എല്‍.എയുടെ വസതിയില്‍ തങ്ങിയത്. സുഹൃത്ത് മുഖേനെയാണ് ഇവര്‍ രണ്ടു ദിവസത്തേക്കു മുറി തരപ്പെടുത്തിയതെന്നാണ് പൊലീസിനു നല്‍കിയ മൊഴി.
പ്രതികള്‍ തന്റെ മുറിയില്‍ താമസിച്ചെന്നതു യാഥാര്‍ത്ഥ്യം തന്നെയാണെന്ന് സുനില്‍കുമാര്‍ സ്ഥിരീകരിച്ചു. എന്നാല്‍, പാര്‍ട്ടിയുമായി ബന്ധമുള്ളവരെല്ലാം ഇവിടെ വന്നു താമസിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.